ബോട്ട് സർവീസിന് വില്ലനായി വീണ്ടും പോള

Sunday 19 February 2023 12:38 AM IST

കോട്ടയം: ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിന് വെല്ലുവിളിയായി ജലപാതയിൽ വീണ്ടും പോള ശല്യം. കോടിമത ബോട്ട് ജെട്ടി മുതൽ കാഞ്ഞിരം വെട്ടിക്കാട്മുക്കുവരെ പോള നിറഞ്ഞു. ഒരാഴ്ച മുമ്പാണ് ജലപാതയിൽ പോള വീണ്ടും നിറഞ്ഞത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചതാണ് പോളയും ജലസസ്യങ്ങളും വ്യാപകമാകാൻ കാരണം. പള്ളം കായലിലും പോള നിറഞ്ഞു. എങ്കിലും ബോട്ട് സർവീസുകൾ മുടക്കംകൂടാതെ നടത്തുന്നുണ്ട്.

പോള കാരണം ബോട്ടുകൾക്ക് കേടുപാടുണ്ടാകുന്നതും പതിവാണ്. പ്രൊപ്പല്ലറിൽ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നു പോകുന്നതിനും കാരണമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പോ, ഇറിഗേഷൻ വകുപ്പോ ആണ് പോള നീക്കേണ്ടത്. ബോട്ട് സർവീസിനെ ബാധിക്കുമെന്നതിനാൽ പോള നീക്കണമെന്ന് കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല. ഇതോടെ വള്ളംപോലും ഒഴുകാനാകാത്ത വിധം പോളയും ജലസസ്യങ്ങളും നിറഞ്ഞു. പോള വാരിയില്ലെങ്കിൽ കർഷകരെയും മത്സ്യത്തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കും.

'ബുദ്ധിമുട്ടിയാണ് ബോട്ട് സർവീസ് നടത്തുന്നത്. പോള പ്രൊപ്പല്ലറിൽ കുടുങ്ങുന്നതിനാൽ സർവീസുകൾ വൈകിയാണ് നടത്തുന്നത്. ഇത് യാത്രക്കാരെയും വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്".

- മുജീബ്, കോടിമത ബോട്ടുജെട്ടി സ്‌റ്റേഷൻ മാസ്റ്റർ