ക്യൂരിയസ് കാർണിവലിന് ഇന്ന് സമാപനം

Sunday 19 February 2023 12:05 AM IST
ക്യൂരിയസ് കാർണിവലിലെ ഫുഡ് പ്രിൻസ് സ്റ്റാൾ

കോഴിക്കോട്: ക്യൂരിയസ് കാർണിവലിന്റെ മൂന്നാംപതിപ്പിന് ഇന്ന് സമാപനം. മെഡിക്കൽ കോളേജിന് സമീപം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് മെഡിസിനിലെ നിർദ്ധനരായ രോഗികളുടെ ചികിത്സാസഹായത്തിന് വേണ്ടിയാണ് കാർണിവൽ ആരംഭിച്ചത്. ആർട്ട്, ലിറ്ററേച്ചർ, ഫുഡ് , മ്യൂസിക് തുടങ്ങിയ വിവിധ ഇനം കലാപരിപാടികളാണ് കാർണിവലിനെ വ്യത്യസ്തമാക്കുന്നത്. രണ്ടാംദിവസമായ ഇന്നലെ ജാസി ഗിഫ്റ്റ്, ഇംതിയാസ് ലൈവ് , ദീപ്തി പരോൾ, മിഥുൻ ജയരാജ്, മെന്റലിസ്റ്റ് ഷെബി, റിയാസ് സലിം, പി.എം.എ ഗഫൂർ എന്നിവരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. സമാപന ദിവസമായ ഇന്ന് കവര മ്യൂസിക് ബാൻഡ് , കൊമ്പൻസ്, വിവിധ കോളേജുകളുടെ വിദ്യാർത്ഥികളുടെ വിവിധതരത്തിലുള്ള കലാപ്രകടനങ്ങളും അരങ്ങേറും.

ശ്രദ്ധ നേടി ഫുഡ് പ്രിൻസ് സ്റ്റാളുകൾ

കോഴിക്കോട്: ക്യൂരിയസ് കാർണിവലിന്റെ രണ്ടാം ദിവസത്തിൽ ശ്രദ്ധ നേടി ഫൂട്ട് പ്രിൻസ് സ്റ്റാളുകൾ. ജീവിതത്തിലെ പരിമിതികളെ തോൽപ്പിക്കുന്ന ഒരു കൂട്ടം മനുഷ്യർ കാർണിവലിന്റെ ഭാഗമാകാൻ ആരംഭിച്ച പ്രത്യേക സംരംഭമാണിത്. നരിക്കുനി സ്വദേശിയായ പരീത്, മടവൂർ സ്വദേശി അഷറഫ്, ഓമശ്ശേരി സ്വദേശി രതീഷ്, വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദലി, കാട്ടാങ്ങൽ സ്വദേശി പി.കെ.ഗഫൂർ ,മുക്കം സ്വദേശി മുഹമ്മദലി എന്നിവരാണ് സ്റ്റാളിന്റെ അമരക്കാർ. മറ്റുള്ളവരെ ആശ്രയിക്കാതെ കാർണിവലിലൂടെ പരിമിതികളെ തോൽപ്പിച്ച് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏഴുപേരും ഇത്തരത്തിലൊരു വ്യാപാരം നടത്തുന്നത്. വീടുകളിലെ അടുക്കളകളിൽ നിന്നുണ്ടാക്കിയ ഉണ്ണിയപ്പം ,നെയ്യപ്പം , വിവിധതരത്തിലുള്ള അച്ചാറുകൾ, ഉപ്പിലിട്ടത് ,കരകൗശല വസ്തുക്കൾ എന്നിവയാണ് ഫുഡ് പ്രിന്റ് സിൽ കുറഞ്ഞ വിലയ്ക്ക് നൽകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി പേരാണ് ഇവിടെ സന്ദർശനം നടത്തിയത്. കാർണിവൽ ഇന്ന് സമാപിക്കും.