വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയിൽ
ശ്രീകണ്ഠപുരം: പയ്യാവൂരിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ പാലത്തിനു സമീപം കേളോത്ത് നാരായണന്റെ ഭാര്യ സുജാതയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു സംഭവം.
ഭർത്താവ് നാരായണൻ പാല് വാങ്ങാൻ പുറത്തു പോയിരുന്നു. വീടിനുള്ളിൽ നിന്നു തീ ഉയരുന്നത് കണ്ട് സമീപവാസികൾ പയ്യാവൂർ പൊലീസിലും ഇരിട്ടി അഗ്‌നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു.
രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയും പയ്യാവൂർ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്.
കിടപ്പുമുറിയിൽ കട്ടിലിനോടു ചേർന്ന് തറയിലാണു മൃതദേഹം ഉണ്ടായിരുന്നത്. കിടപ്പുമുറിയിലെ കട്ടിലും കിടക്കയും വയറിംഗും മറ്റു സാധനങ്ങളും ഉൾപ്പെടെ മുറി പൂർണമായും കത്തി നശിച്ചു.കട്ടിലിൽ നിന്ന് മണ്ണെണ്ണക്കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.സുജാതയും ഭർത്താവ് നാരായണനും മാത്രമാണു വീട്ടിൽ താമസം.മകൻ സായന്ത് അടുത്തിടെയാണു വിദേശത്ത് പോയത്. മകൾ സഖില ഭർത്താവിന്റെ വീട്ടിലാണു താമസം.നാരായണൻ അസുഖബാധിതനായതിനാൽ സുജാത കുറച്ചുദിവസമായി മനോവിഷമത്തിലായിരുന്നുവെന്നു പറയുന്നു.