ലയന നടപടികളുടെ ഭാഗം: കണ്ണൂർ-ഡൽഹി സർവീസ് നിർത്തി എയർ ഇന്ത്യ

Saturday 18 February 2023 10:01 PM IST

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ സർവീസ് നിർത്തി. കണ്ണൂർ-ഡൽഹി സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഈ മാസം 13നാണ് ഡൽഹി സർവീസ് നിർത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായുള്ള ലയന നടപടികളുടെ ഭാഗമായാണ് സർവീസ് താത്കാലികമായി അവസാനിപ്പിച്ചത്.

ലയന നടപടി പൂർത്തിയായാൽ പുതിയ കമ്പനികളിലൊന്ന് ഈ സെക്ടറുകളിൽ സർവീസ് തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. ആദ്യം ആഴ്ചയിൽ മൂന്നുദിവസമായിരുന്നു കണ്ണൂർഡൽഹി സർവീസ്. പിന്നീട് ഇത് പ്രതിദിനമാക്കി ഉയർത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരിൽനിന്ന് നേരിട്ടുമായിരുന്നു സർവീസ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി നൽകാനാവില്ല എന്ന് കേന്ദ്ര സർക്കാർ നിലപാട് വിമാനത്താവളത്തിന് തിരിച്ചടിയാകുന്നുണ്ട് .

വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പദവിയാണ് പോയന്റ് ഓഫ് കാൾ പദവി. ഇത് കണ്ണൂർ വിമാനത്താവളത്തിന് നൽകാനാവില്ല എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കാൾ പദവി ഉണ്ട്.