അതിർത്തിയിൽ ഇന്ധന കരിഞ്ചന്ത:  പെട്ടിക്കടയിലും സുലഭം കുപ്പി പെട്രോൾ 

Saturday 18 February 2023 10:12 PM IST

കാസർകോട്: കേരളത്തിലെ ഉയർന്ന പെട്രോൾ ഡീസൽ വിലയും രണ്ടു ശതമാനം സെസ് വഴിയുള്ള വർദ്ധനവും മുതലെടുത്ത് കേരള -കർണ്ണാടക അതിർത്തിയിൽ ഇന്ധന കരിഞ്ചന്തയ്ക്ക് സാദ്ധ്യത തുറക്കുന്നു. മഞ്ചേശ്വരം , തലപ്പാടി, പെർള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചില വീടുകളും പെട്ടിക്കടകളും ഇതിനകം മിനി പെട്രോൾ പമ്പുകളായി മാറിക്കഴിഞ്ഞു.

പെട്ടിക്കടകളിൽ നിന്ന് കുപ്പിയിലും കന്നാസുകളിലുമാണ് പെട്രോൾ നിറച്ചു നൽകുന്നത്. ഇരുപത്തിരണ്ട് രൂപയോളമാണ് ഇതുവഴി വില്പനക്കാർ സമ്പാദിക്കുന്നത്. കടകളും വീടുകളും കേന്ദ്രീകരിച്ചു പൊടിപൊടിക്കുന്ന വില്പന തടയാൻ യാതൊരു സംവിധാനവും നിലവിലില്ല.

ആവശ്യക്കാർക്ക് നേരിട്ടെത്തി വാങ്ങിക്കുന്ന തരത്തിലാണ് കരിഞ്ചന്തയിലെ വില്പന. പരസ്യമായി തന്നെയാണ് ഈ ഇടപാട്.മുൻ കാലങ്ങളിൽ പെട്രോൾ പമ്പുകൾ കുറവുള്ള സമയത്ത് അനധികൃത വില്പന കേന്ദ്രങ്ങൾ വ്യാപകമായി ഉണ്ടായിരുന്നു. അതിന് സമാനമായ കച്ചവടമാണ് അതിർത്തിയിൽ പൊടിപൊടിക്കുന്നത്.

കർണ്ണാടകയിൽ നിന്നും കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന പെട്രോൾ കേരളത്തേക്കാൾ കൂടിയ വിലക്ക് സിൽക്കുമ്പോൾ അത് വാങ്ങിക്കാൻ ആളുകൾ എത്തുന്നു എന്നതാണ് ഏറെ കൗതുകകരം.

കർണാടക പെട്രോൾ 101.58

കാസർകോട് 106.49

കരിഞ്ചന്ത 120

സമയലാഭം മുതലെടുത്ത് വില്പന

പത്തും ഇരുപതും മിനുട്ട് മാത്രം ലഭിക്കാൻ ആണ് വീടുമുറ്റത്ത് കിട്ടുന്ന കുപ്പി പെട്രോൾ ആളുകൾ വാങ്ങിക്കുന്നത്. ബൈക്കിലും കാറിലും വന്നിട്ട് പെട്രോൾ നിറച്ചു പോകുന്നവരുമുണ്ട്. ഏതാനും കിലോമീറ്റർ യാത്ര ചെയ്താൽ കർണ്ണാടകയിലെ പെട്രോൾ പമ്പിലെത്താം. ആളുകൾ അത്രയുംദൂരം പോകാൻ തയ്യാറാകാതെയാണ് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നത്. കന്നാസിൽ നിറച്ച പെട്രോൾ ചെറിയ പൈപ്പ് കൊണ്ട് വായിലൂടെ വലിച്ചെടുത്ത ശേഷമാണ് കുപ്പിയിലേക്ക് നിറയ്‌ക്കുന്നത്. സെസ് കൂടി നിലവിൽ വരുമ്പോൾ നികുതിവെട്ടിപ്പും വൻതോതിലുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കർണ്ണാടകയിലെ പമ്പുകളിൽ നിന്ന് ബാരലിൽ വാങ്ങികൊണ്ടുവന്നാണ് കാസർകോട് ജില്ലയിലെ കരിഞ്ചന്തകൾ പൊടിപൊടിക്കുന്നത്.