പാചക തൊഴിലാളികൾ ചോദിക്കുന്നു,​ വേതനം കിട്ടാൻ ജീവൻ കളയണോ

Sunday 19 February 2023 12:16 AM IST

കോട്ടയം: കുറഞ്ഞ വേതനമാണെങ്കിലും സ്‌കൂൾ പാചകതൊഴിലാളികൾക്കത് അന്യമായിട്ട് രണ്ട് മാസമായി. 600 രൂപയാണ് ഇവരുടെ ദിവസ വേതനം. ഒരു മാസം ശരാശരി 13,200 രൂപ. ഡിസംബർ,​ ജനുവരി മാസങ്ങളിലെ വേതനാണ് ലഭിക്കാനുള്ളത്. ഫണ്ട് യഥാസമയം കിട്ടാത്തതിനാൽ ഈ അദ്ധ്യായന വർഷം പല മാസങ്ങളിലും ഗഡുക്കളായാണ് വേതനം ലഭിച്ചത്.

ഉച്ചഭക്ഷണ നടത്തിപ്പിന് സ്‌കൂളുകൾക്ക് ലഭിക്കേണ്ട ഫണ്ടും രണ്ട് മാസമായി മുടങ്ങി. അരിയും തൊഴിലാളികളുടെ വേതനവും വിദ്യാഭ്യാസവകുപ്പാണ് നൽകുന്നത്. അഞ്ഞൂറ് വിദ്യാർത്ഥികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു തൊഴിലാളി മാത്രമാണുണ്ടാകുക. ഇതു മൂലം കടുത്ത ജോലി ഭാരമുണ്ടെന്നും പ്രായമായ തൊഴിലാളികൾ പറയുന്നു. വേതനം കിട്ടാൻ തങ്ങളും ഇനി ആത്മഹത്യ ചെയ്യണോയെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.

പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ  പാചകതൊഴിലാളികളെ സ്‌കൂൾ ജീവനക്കാരായി അംഗീകരിക്കണം

 പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക

 മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ ശമ്പളം നൽകുക

 150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം നടപ്പാക്കുക

 തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുക

 ഉച്ചഭക്ഷണ പദ്ധതിക്ക് മതിയായ തുക സർക്കാർ നൽകുക

'അദ്ധ്യായന വർഷത്തിൽ മിക്ക മാസങ്ങളിലും ശമ്പളം മുടങ്ങും. മാസത്തിൽ ഗഡുക്കളായും ശമ്പളം നൽകുന്ന സ്ഥിതിയുണ്ട്. ഇത്രയധികം കഷ്ടപ്പെടുമ്പോഴും വേതനമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും 50 വയസ് പിന്നിട്ടവരാണ്. അടിയന്തരമായി വേതനം കൊടുക്കണം''.

- പി. പ്രദീപ്, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റ്