ഗർഭിണി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചു: ദുരൂഹതയെന്ന് ബന്ധുക്കൾ

Sunday 19 February 2023 2:21 AM IST

തിരുവനന്തപുരം: മൂന്നു മാസം ഗർഭിണിയായ യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചു. അട്ടകുളങ്ങര ടി.സി 39/2211ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക (22)ആണ് മരിച്ചത്.17ന് വൈകിട്ട് ആറിന് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർത്തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ പിതാവ് ബാബുവിന്റെ പരാതി ലഭിച്ചതായി ഫോർട്ട് പൊലീസ് പറഞ്ഞു. ആത്മഹത്യയ്‌ക്ക് കാരണം കുടുംബ പ്രശ്നമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഒരുവർഷം മുമ്പായിരുന്നു ദേവികയുടെയും ഗോപീകൃഷ്ണന്റെയും വിവാഹം. ഇതിന് ശേഷം ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സംശയമുണ്ട്. ഭർത്തൃവീട്ടുകാരുടെ പീഡനം സഹിക്കാതെയാകാം മകൾ കടുംകൈയ്‌ക്ക് മുതിർന്നതെന്നാണ് പിതാവ് ബാബുവിന്റെ മൊഴി.

ഇന്നലെ ഫോർട്ട് പൊലീസ് സി.ഐ രാകേഷിന്റെ നേതൃത്വത്തിൽ ദേവിക മരിച്ച വീട്ടിലെത്തി ഭർത്താവ് ഗോപീകൃഷ്ണന്റെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. ശ്രീചിത്രയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റാണ് ഗോപീകൃഷ്ണൻ. ദേവികയുടെ മൊബൈൽ ഫോണും പൊലീസ് ഫോറൻസിക് പരിശോധയ്‌ക്ക് വിധേയമാക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശാസ്തമംഗലം പൈപ്പിൻമൂട് അർച്ചന ഫ്ളവർ ആൻഡ് ഓയിൽ മിൽ ഉടമ ബാബുവിന്റെയും മീനാകുമാരിയുടെയും മകളാണ് ദേവിക.സഹോദരി അർച്ചന.