26.86 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി; അണ്ടർ പാസ് അല്ല,​ മേലെ ചൊവ്വയിൽ ഫ്ളൈ ഓവർ

Saturday 18 February 2023 10:24 PM IST

കണ്ണൂർ: മേലെചൊവ്വയിൽ അണ്ടർപാസിന് പകരം ഫ്ളൈ ഓവർ നിർമ്മിക്കാൻ അനുമതി. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്താണ് അടിപ്പാത വേണ്ടെന്ന് വച്ചത്. ഫ്ളൈ ഓവർ നിർമ്മിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് അനുമതി നൽകി സർക്കാർ ഉത്തരവായി.

ദേശീയ പാതയിൽ മേലെചൊവ്വയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് അണ്ടർപാസ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. 26.86 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. എന്നാൽ മേലെചൊവ്വയിലെ ജലസംഭരണിയിലേക്കുള്ള പൈപ്പ് ലൈനിനു കുറുകെയാണ് അണ്ടർപാസ് നിർമ്മിക്കേണ്ടത്. ഈ പൈപ്പുകൾ മാറ്റുന്നത് സങ്കീർണമാണെന്നും കുടിവെള്ള വിതരണം മുടങ്ങുന്നതടക്കമുള്ള പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും വാട്ടർ അതോറിറ്റി അറിയിച്ചിരുന്നു.

കണ്ണൂർ നഗരത്തിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നത് ഈ സംഭരണിയിൽനിന്നാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്. പൈപ്പ് മാറ്റിയിടുമ്പോൾ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അണ്ട

ർപാസിന് പകരം ഫ്ളൈ ഓവർ നിർമ്മിക്കാൻ തീരുമാനിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനായിരുന്നു അടിപ്പാത നിർമാണച്ചുമതല. ഇതിനാവശ്യമായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയിരുന്നു. ഇതേ സ്ഥലം ഉപയോഗപ്പെടുത്തിയാണ് മേൽപ്പാത നിർമിക്കുക.