യൂണിറ്റി മട്ടന്നൂർ ഓവറോൾ ചാമ്പ്യന്മാർ
കണ്ണൂർ: റവന്യൂ ജില്ലാ ഐ.ടി.ഇ കായിക മേളയിൽ യൂനിറ്റി മട്ടന്നൂർ ഐ.ടി.ഇ ഓവറോൾ ചാമ്പ്യൻമാരായി. ജി.ഐ.ടി.ഇ മെൻ കണ്ണൂർ രണ്ടാംസ്ഥാനവും ഡയറ്റ് കണ്ണൂരും തളിപ്പറമ്പ് മലനാട് ഐ.ടി.ഇ മൂന്നാംസ്ഥാനം പങ്കിട്ടു. 21 മത്സരയിനങ്ങളിൽ ഡയറ്റ് ഉൾപ്പെടെ 11 ഐ.ടി.ഇകളിൽ നിന്ന് 250ൽ പരം അദ്ധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്തു. യു.കെ. മുഹമ്മദ് തായിഫ് (ജി.ഐ.ടി.ഇ മെൻ ), വി.എസ് നീരജ ( സെന്റ് തെരേസാസ് ഐ.ടി.ഇ കണ്ണൂർ ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ ജി.ഐ.ടി.ഇ മെൻ കണ്ണൂരും വനിതാ വിഭാഗത്തിൽ ജി.ഐ.ടി.ഇ മാതമംഗലവും ചാമ്പ്യൻമാരായി. മേയർ ടി.ഒ മോഹനൻ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.കെ.രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി.വി .പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ഇ.സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.