സ്ഥലതർക്കം: ഉന്തിലും തള്ളിലും ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ ഭാര്യയ്ക്ക് വീണ് പരിക്കേറ്റു
നെയ്യാറ്റിൻകര:അന്തരിച്ച ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ (93)യ്ക്ക് വാക്കുതർക്കത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ് പരിക്കേറ്റു. ഇന്നലെ രാവിലെ നെയ്യാറ്റിൻകര റ്റി.ബി.ജംഗ്ഷനിലെ ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വീടിന് മുന്നിലായിരുന്നു സംഭവം. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ സഹോദരൻ രവീന്ദ്രൻ നായർക്കെതിരെ സരസ്വതി അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റികര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗോപിനാഥൻ നായരുടെ സ്മൃതികുടീരത്തിന് സമീപം അദ്ദേഹത്തിന്റെ സ്മരണാർത്ഥം മണ്ഡപം നിർമ്മിക്കാൻ പ്രവർത്തകർ എത്തിയിരുന്നു. ഇതിനെ ഗോപിനാഥൻ നായരുടെ സഹോദരൻ രവീന്ദ്രൻ നായർ എതിർത്തു. സരസ്വതിഅമ്മയുമായി സംസാരമായി. വാക്കേറ്റം കൈയാങ്കളി വരെയായി.പ്രവർത്തകരുമായി പിടിച്ചുതള്ളലുണ്ടായി. ഇതിനിടയിലാണ് സരസ്വതിഅമ്മ തറയിൽ വീണത്. തലയ്ക്ക് ചെറിയ പരിക്കേറ്റ സരസ്വതിഅമ്മയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിലെത്തി സരസ്വതിഅമ്മയുടെ മൊഴി നെയ്യാറ്റിൻകര പൊലീസ് രേഖപ്പെടുത്തി .ഇന്നലെ വൈകിട്ടോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.