അരിയിൽ ഷുക്കൂർ അനുസ്മരണം

Saturday 18 February 2023 10:31 PM IST

കണ്ണൂർ: എം.എസ്.എഫ് നേതാവ് അരിയിൽ ശുക്കൂറിന്റെ അനുസ്മരണവും നീതി ജാഥയും നാളെ തളിപ്പറമ്പിൽ നടക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഒൻപതിന് അരിയിലെ ശുക്കൂറിന്റെ ഖബറിടത്ത് നിന്നും പ്രാർത്ഥനകളോടുകൂടിയാണ് അനുസ്മരണം പരിപാടി ആരംഭിക്കുന്നത്. വൈകീട്ട് നാല് മണിക്ക് തളിപമ്പ് സയ്യിദ് നഗറിൽ വെച്ച് തുടങ്ങുന്ന റാലിയിൽ അയ്യായിരം വിദ്യാർത്ഥികൾ പങ്കെടുക്കും. തളിപറമ്പ് ടൗണിലെ കാക്കത്തോട് ബസ് സ്റ്റാന്റിൽ അനുസ്മരണ സമ്മേളനത്തോടെ സമാപിക്കും. അനുസ്മരണ സമ്മേളനം സ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന എം.എസ്.എഫ് പ്രസിഡന്റ് പി .കെ .നവാസ് അദ്ധ്യക്ഷത വഹിക്കും. കൊലപാതകത്തേയും അതിന് നേതൃത്വം നൽകുന്നവരേയും എല്ലാകാലത്തും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അതുകൊണ്ടാണ് കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം അവസാനിക്കാത്തതെന്നും നജാഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, അസർ പാപ്പിനിശ്ശേരി എന്നിവരും സംബന്ധിച്ചു.