ഏറ്റുമാനൂർ ഐ.ടി.ഐ കെട്ടിടം ഉദ്ഘാടനം മാർച്ചിൽ
Sunday 19 February 2023 12:03 AM IST
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ രാജ്യാന്തരനിലവാരത്തിൽ നിർമ്മിക്കുന്ന കെട്ടിടം മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 7.67 കോടി രൂപയ്‌ക്കാണ് മൂന്നുനില കെട്ടിടം നിർമിച്ചത്. ആധുനിക നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്‌സ്‌മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. ആറു സ്മാർട്ട് ക്ലാസ് മുറികളാണ് സജ്ജീകരിക്കുന്നത്. മഴ വെള്ളസംഭരണ ടാങ്കും നിർമ്മിച്ചിട്ടുണ്ട്. മികച്ച അഗ്നിരക്ഷാ സംവിധാനങ്ങളും 320 കിലോവാട്ട് ജനറേറ്ററും ക്രമീകരിച്ചിട്ടുണ്ട്.