കൊളീജിയം ഏറ്റവും മികച്ചത്: യു യു ലളിത്
ന്യൂ ഡൽഹി : ജുഡിഷ്യൽ നിയമനങ്ങളിൽ കേന്ദ്രസർക്കാരും സുപ്രീംകോടതിയും രണ്ടുതട്ടിൽ നിൽക്കേ കൊളീജിയം സംവിധാനത്തെ പിന്തുണച്ച് മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. രണ്ടു വർഷത്തോളം സുപ്രീംകോടതി കൊളീജിയം അംഗമായിരുന്നു ജസ്റ്റിസ് ലളിത്.
സുപ്രീംകോടതിയുടെ കൊളീജിയം സംവിധാനത്തേക്കാൾ മികച്ച മറ്റൊന്ന് നിലവിലില്ലെന്ന് കാംപെയ്ൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് സംഘടന സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് സംവിധാനത്തിന് മികച്ച ജഡ്‌ജിമാരെ തിരഞ്ഞെടുക്കാൻ കഴിയുമോയെന്ന് സംശയമുണ്ട്. ഡൽഹിയിലിരിക്കുന്നവർക്ക് കേരളത്തിലും മണിപ്പൂരിലും ഏത് ജഡ്‌ജിയെ നിയമിക്കണമെന്ന് വിലയിരുത്താൻ കഴിയുമോയെന്നും ജസ്റ്റിസ് ലളിത് ചോദിച്ചു.
കൊളീജിയത്തേക്കൾ മികച്ചതില്ലെങ്കിൽ സ്വാഭാവികമായും ആ സംവിധാനത്തെ നിലനിറുത്താനുള്ള പ്രവൃത്തികളാണ് ഉണ്ടാകേണ്ടത്. കൊളീജിയം സംവിധാനത്തിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ല. സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കേണ്ടവരുടെ പേരുകളിൽ കൊളീജിയത്തിന്റെ ആദ്യ തീരുമാനം ഏകകണ്ഠമാകണമെന്നില്ല. പക്ഷേ അതേ പേരുകൾ രണ്ടാം തവണയും കേന്ദ്രസർക്കാരിന് അയക്കാനുള്ള തീരുമാനം ഏകകണ്ഠമായിരിക്കും. നിയമനം ലഭിക്കുന്നയാൾ പദവിക്ക് യോഗ്യനാണോയെന്ന് തീരുമാനിക്കാൻ ജഡ്‌ജിമാർ തന്നെയാണ് നല്ലത്.
താൻ അംഗമായിരിക്കെ കൊളീജിയം ശുപാർശ ചെയ്‌ത 255 പേരുകൾ കേന്ദ്രസർക്കാർ അംഗീകരിച്ചു. വിരമിക്കുന്ന സമയത്ത് മുപ്പത് നിയമന ശുപാർശകളിൽ കേന്ദ്രം തീരുമാനമെടുത്തിരുന്നില്ലെന്നും ലളിത് പറഞ്ഞു.