തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുമോ?

Sunday 19 February 2023 12:00 AM IST

ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവരും പാർശ്വവത്‌‌കരിക്കപ്പെട്ടവരുമായ ജനങ്ങൾക്ക് ചെറിയ വേതനമായാലും ഒരു വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധിയുടെ പേരിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയത്. 1991-ൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ് ഇങ്ങനെ ഒരു പദ്ധതി ആദ്യമായി നിർദ്ദേശിച്ചതെങ്കിലും ഇതുസംബന്ധിച്ച നിയമം പാർലമെന്റ് പാസാക്കിയത് 2005ലാണ്. യു.പി.എ സർക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതികളിലൊന്നായി ഇത് പ്രകീർത്തിക്കപ്പെടുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം പഞ്ചവത്സര പദ്ധതികളുടെയും മറ്റും ഭാഗമായി കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ വിനിയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രത്യക്ഷഗുണം സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് ലഭിക്കുന്നില്ല.ഇത്തരം പദ്ധതിയുടെ ഭാഗമാകാൻ ചെറിയ വേതനത്തിന് ജനങ്ങൾ തയ്യാറാകുമോ എന്ന ചോദ്യം പാർലമെന്റിൽ പല അംഗങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പായപ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽപ്പോലും പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധാരണ ജനങ്ങൾ പ്രത്യേകിച്ചും സ്‌ത്രീകൾ വരിനിൽക്കുന്ന കാഴ്‌ചയാണ് കണ്ടത്. യു.പി.എ സർക്കാരിന്റെ രണ്ടാം വരവിന് ഇടയാക്കിയതിൽ ഈ പദ്ധതിയുടെ വിജയം പങ്കുവഹിച്ചതായി വിലയിരുത്തിയവരുമുണ്ട്. മാനസികമായി ഈ പദ്ധതിയോട് എതിർപ്പുണ്ടായിരുന്നെങ്കിലും തുടർന്നുവന്ന മോദി സർക്കാരിനും ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടിവന്നതും ജനങ്ങളെ സഹായിക്കുന്ന വിജയകരമായ ഒരു പദ്ധതിയെന്ന നിലയിലായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. കഴിഞ്ഞ 17 വർഷത്തിനിടയിൽ അനുവദിച്ച ഏറ്റവും കുറഞ്ഞ തുകയാണ് ഇതിനായി ഇത്തവണ നീക്കിവച്ചത്. ഇത് പദ്ധതി അട്ടിമറിക്കാനും കാലക്രമേണ ഇല്ലാതാക്കാനുമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ മറ്റ് പല ക്ഷേമപദ്ധതികളും കേന്ദ്രം പുതിയതായി തുടങ്ങിയിട്ടുണ്ടെന്നും ആ പദ്ധതികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് തുക വെട്ടിക്കുറച്ചതെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.

നിയമപരമായ ബാദ്ധ്യതയാണ് ഈ പദ്ധതി വിജയിക്കാൻ ഇടയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ചേരാൻ അപേക്ഷിക്കുന്നവർക്ക് നിശ്ചിത ദിവസത്തിനകം തൊഴിൽ നല്‌കാനായില്ലെങ്കിൽ അവർക്ക് പകരം തൊഴിലില്ലായ്മ വേതനം നല്‌കണമെന്നാണ് ഒരു വ്യവസ്ഥ. ഈ വ്യവസ്ഥ കാരണം ഉദ്യോഗസ്ഥർക്ക് പദ്ധതി അട്ടിമറിക്കാനായില്ല. ഇതിനുള്ള പണം കേന്ദ്രം നല്‌കുമെന്നും വ്യവസ്ഥ ചെയ്തു. ഇത്തരം വ്യവസ്ഥകളാണ് ഈ പദ്ധതി ജനങ്ങൾക്ക് സ്വീകാര്യമാക്കി മാറ്റിയത്. ഇതിൽ നിന്നൊക്കെ പിന്മാറി കേന്ദ്രം പദ്ധതിയെ ദയാവധത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയാണ് ഈ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വേതനത്തിന്റെ ഒരു വിഹിതം സംസ്ഥാനങ്ങൾ കൂടി വഹിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ പദ്ധതി തുടങ്ങുന്ന സമയത്ത് തന്നെ ഇത്തരം ഒരു നിർദ്ദേശം വന്നിരുന്നതാണ്.

സംസ്ഥാന സർക്കാരുകളുമായി കൂട്ടിക്കെട്ടുന്ന പല പദ്ധതികളും നടക്കാതെ പോവുകയോ പാതിവഴിയിൽ മുടങ്ങുകയോ ചെയ്യുന്നതാണ് അനുഭവം. ആ ഗതി തൊഴിലുറപ്പ് പദ്ധതിക്ക് വരാതിരിക്കാൻ കേന്ദ്രം തന്നെ വിഹിതം നല്‌കണമെന്ന തീരുമാനമാണ് ഉണ്ടായത്. ആ ഒറ്റക്കാരണം കൊണ്ടാണ് പദ്ധതി നടപ്പായതും വിജയിച്ചതും. തൊഴിലുറപ്പ് പദ്ധതിയെ വധിക്കാൻ ആ പഴയ ആയുധം വീണ്ടുമെടുത്ത് പ്രയോഗിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി.