ഫോട്ടോ എടുക്കുന്നതി​നി​ടെ തിരയിൽപ്പെട്ട അമ്മയേയും കുട്ടി​യെയും രക്ഷപ്പെടുത്തി​

Sunday 19 February 2023 12:21 AM IST

ആലപ്പുഴ: ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയ അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടി​യെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി​. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ഭർത്താവിന്റെ കാമറക്ക് മുന്നിൽ നി​ൽക്കുന്നതി​നി​ടെ യുവതി​യും കുട്ടി​യും അപ്രതീക്ഷിതമായി​ എത്തിയ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നു.

ആദ്യം കുട്ടിയാണ് തിരയിൽപ്പെട്ടത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ അമ്മയും തിരയിൽപ്പെട്ട് തീരത്തു നിന്നും 20 മീറ്ററോളം ദൂരത്തേക്ക് ഒഴുകി​പ്പോയി. ഇത് കണ്ട് ഓടിയെത്തിയ ലൈഫ്ഗാർഡ് അനിൽകുമാർ കടലിലേക്ക് ചാടി ഇരുവരെയും കരയി​ലേക്ക് എത്തി​ച്ചു. ഭർത്താവും ലൈഫ് ഗാർഡുകളായ ഷിബു, സന്തോഷ്,ബിജു ചാക്കോ എന്നി​വരും സഹായത്തി​നെത്തി​. പൊലീസ് എത്തി ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് നിർദ്ദേശിച്ചെങ്കിലും ഭയന്ന് വിറച്ച അമ്മയും കുട്ടി​യും കുറേ സമയം ബീച്ചിൽ ഇരുന്ന ശേഷമാണ് മടങ്ങിയത്.