മഹാശിവരാത്രി തൊഴുത് ഭക്ത സഹസ്രങ്ങൾ

Sunday 19 February 2023 3:16 AM IST

തിരുവനന്തപുരം: ഓം നമഃശിവായ മന്ത്രം ജപിച്ച് ഉമാവല്ലഭനായ ശ്രീപരമേശ്വരന്റെ പ്രീതിക്കായി ഭക്തർ വ്രതം നോറ്റ് മഹാശിവരാത്രി തൊഴുതു. ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഇന്നലെ രാവിലെ മുതൽ ഭക്തജനത്തിരക്കായിരുന്നു. നഗരത്തിൽ ശ്രീകണ്ഠ്വേശ്വരം ക്ഷേത്രത്തിലായിരുന്നു ഏറെ തിരക്ക്. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദർശനം നടത്തുന്ന ശിവാലയഓട്ടത്തിനും നല്ല തിരക്കായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ ആരംഭിച്ച ഓട്ടം ഇന്നലെ പുലരുംവരെ നടന്നു.കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്ത രാത്രിയാണ് ശിവരാത്രി എന്നാണ് ഐതിഹ്യം. അങ്ങനെ ലോകത്തെ നാശത്തിൽ നിന്നു രക്ഷിക്കുക മാത്രമല്ല, മംഗളം നൽകുക കൂടി ചെയ്തു പരമശിവൻ. അങ്ങനെയാണ് ശിവരാത്രി എന്ന വാക്കിന് മംഗളരാത്രി എന്ന അർത്ഥം കൂടി വന്നത്. വ്രതം നോറ്റ ഭക്തർ ശിവക്ഷേത്രങ്ങളിൽ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതാണ് ശിവരാത്രിയുടെ ആചാരരീതി. അഹോരാത്രം തുറന്നിരുന്ന ശിവക്ഷേത്രങ്ങളിൽ യാമപൂജയും ധാരയും, പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനവും ഉണ്ടായിരുന്നു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഇന്ന് പുലർച്ചെ ആറാട്ടോടുകൂടി സമാപിക്കും.നെടുമങ്ങാട് കോയിക്കൽ മഹാദേവക്ഷേത്രം, തിരുവനന്തപുരം പഴയ ശ്രീകണ്‌ഠേശ്വരം, കാന്തള്ളൂർശാല, കഠിനംകുളം, പാറശ്ശാല, ആറയൂർ, പൊഴിയൂർ, ചെഴുങ്ങാനൂർ, ചെങ്കൽ ശിവശക്തിക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം, ഒറ്റശ്ശേഖരമംഗലം, ബാലരാമപുരം ഋഷീശ്വര ഭരദ്വാജക്ഷേത്രം, നെടുമങ്ങാട് കോട്ടപ്പുറത്തുകാവ്, അരുവിക്കര തിരുനെല്ലൂർശാല സുബ്രഹ്മണ്യക്ഷേത്രം, വെഞ്ഞാറമ്മൂട് മാണിക്കോട് ശിവക്ഷേത്രം, കരകുളം ഏണിക്കരക്ഷേത്രം, ആറ്റിങ്ങൽ ആവണീശ്വരം, നഗരൂർ തേക്കിൻകാട്, അവനവഞ്ചേരി ഇണ്ടളയപ്പൻ കോവിൽ, തോന്നയ്ക്കൽ കുടവൂർ മഹാദേവക്ഷേത്രം, കിളിമാനൂർ മഹാദേവേശ്വരം തുടങ്ങി പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷം ഉണ്ടായിരുന്നു