പെരുവൻമലയിൽ ശിവരാത്രി ആഘോഷം
Sunday 19 February 2023 12:41 AM IST
കേച്ചേരി: പെരുവൻമല ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിൽ നൂറുകണക്കിന് ഭക്തർ മല കയറിയെത്തി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതന ശിവക്ഷേത്രത്തിൽ രാവിലെ മുതൽ തൊഴാൻ വൻതിരക്കായിരുന്നു. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി. മുടിയുണ്ടാകാൻ ചൂലും ആസ്തമ മാറാൻ കയറും വഴിപാടായി ഭക്തർ സമർപ്പിച്ചു. 500 അടി ഉയരത്തിൽ 50 ഏക്കറിലേറെ സ്ഥലത്ത് നിലകൊളളുന്ന പെരുവൻമലയിൽ രാത്രിയിലും നിരവധി പേരെത്തി. മുതുവറ ശിവക്ഷേത്രത്തിലും നൂറുകണക്കിന് വിശ്വാസികളെത്തി. രാവിലെയും രാത്രിയും വിവിധ സംഘങ്ങളുടെ കാവടി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, ദീപക്കാഴ്ച, തായമ്പക, നൃത്തം എന്നിവയുണ്ടായി.