കേരകർഷക ജീവിതം കൈയാലപ്പുറത്തെ തേങ്ങ !
തൃശൂർ: വിലക്കുറവോടെ, പാമോയിലും റൈസ് ബ്രാൻ ഓയിലുമടക്കം വിപണിയിൽ തള്ളിക്കയറിയെത്തുമ്പോൾ, കഴിഞ്ഞ പത്ത് വർഷങ്ങളിൽ അഭിമുഖീകരിച്ച കനത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി നാളികേര കർഷകർ. കഴിഞ്ഞ വർഷമുണ്ടായ വൻ വിലത്തകർച്ചയിൽ നിന്നും ഈ വർഷം തുടക്കത്തിൽ ശക്തമായ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇടിഞ്ഞ വിലയിൽ നിന്ന് കരകയറിയില്ല. വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞവർഷം തുടക്കത്തിൽ ക്വിന്റലിന് 16,000 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില പിന്നീട് 12,700ലേക്കാണ് കുറഞ്ഞത്. കിലോഗ്രാമിന് 24 രൂപ പോലും നാളികേരത്തിന് വില ലഭിക്കാതെ വന്നു. വിളവ് ഉയർത്താൻ കർഷകർ വിയർക്കുമ്പോൾ, താങ്ങുവില പോലും താങ്ങായില്ല. പാമോയിൽ ഉയർത്തുന്ന ഭീഷണി ഏതാനും വർഷമായി തുടരുകയാണ്. വില കുറഞ്ഞതോടെ പാമോയിലിന് ആവശ്യക്കാരേറി. അതേസമയം, റൈസ് ബ്രാൻ ഓയിൽ തുടങ്ങി പേരുകളിൽ വ്യാജന്മാർ വ്യാപകമായി ഒഴുകുന്നുമുണ്ട്.
താങ്ങാകാതെ താങ്ങുവില
സംസ്ഥാന ബഡ്ജറ്റിൽ നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 രൂപയാക്കിയിരുന്നു. നാളികേര വികസനത്തിനായി 68.95 കോടി വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ കൊപ്ര സംഭരണത്തിൽ പാകപ്പിഴകളേറെ. 2022ൽ സംസ്ഥാനത്ത് സംഭരിച്ചത് 255 ടൺ കൊപ്രയാണ്. തമിഴ്‌നാട്ടിലത് 40,000 ആണ്. കൊപ്ര സംഭരണം കാര്യക്ഷമമല്ലാതായാൽ താങ്ങുവില ഉയർത്തിയാലും ഗുണം ചെയ്യില്ലെന്നാണ് കർഷകർ പറയുന്നത്. സംഭരിക്കണമെങ്കിൽ സംഭരണത്തിന് പുതിയ ഏജൻസികളെ ഇറക്കണം. റേഷൻ കടകളിലൂടെ വെളിച്ചെണ്ണ വിൽക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ് തമിഴ്‌നാട് സർക്കാർ. എന്നാൽ ഇത്തരം തീരുമാനം കേരളത്തിലുണ്ടായിട്ടില്ല.
കൂനിന്മേൽ കുരുവായി പൊരിവെയിൽ
2021 ഫെബ്രുവരിയിൽ ക്വിന്റലിന് 20,850 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണവില പെട്ടെന്നാണ് കൂപ്പുകുത്തിയത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനം കുറച്ചു. ഇപ്പോൾ കനത്ത ചൂടും തെങ്ങുകൃഷിയെ ബാധിക്കുന്നു. അതേസമയം, സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടിയെന്നാണ് കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് പറയുന്നത്. ഹെക്ടറിൽ പരമാവധി 175 തെങ്ങുകൾ വേണ്ടിടത്ത് കേരളത്തിൽ ഇരുന്നൂറിൽ അധികമുണ്ട്. ഇത് ഉത്പാദനക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
കൈയാലപ്പുറത്തോ ലാഭം?
ഒരു ഹെക്ടറിൽ ലഭിക്കുന്ന നാളികേരം: 6,247 തെങ്ങുകൃഷിയുടെ വിസ്തൃതി വർദ്ധിച്ചത്: 7.67 ലക്ഷം ഹെക്ടർ മൊത്തം തെങ്ങുകൾ: 15 കോടിയോളം ലഭിക്കുന്ന നാളികേരം: 479 കോടി.
വിലയുടെ ഏറ്റക്കുറച്ചിൽ
ഇന്നലെ: വെളിച്ചെണ്ണ (ഒരു ക്വിന്റൽ)13,800, കൊപ്ര 8,600, നാളികേരം 2,850 2022 ഫെബ്രുവരി 19: വെളിച്ചെണ്ണ 15,000, കൊപ്ര 9,200, നാളികേരം 2,800 2021 ഫെബ്രുവരി 19: വെളിച്ചെണ്ണ 20,850, കൊപ്ര 13,650, നാളികേരം 4,425 2020 ഫെബ്രുവരി 19: വെളിച്ചെണ്ണ 16,100, കൊപ്ര 10,590, നാളികേരം 3,500.