ചക്കാംപറമ്പ് ഭരണി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകൾക്ക് തുടക്കം
Sunday 19 February 2023 1:15 AM IST
മാള: ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് ആചാര്യവരണത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വിജ്ഞാനദായിനി സഭാ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പുതുതായി നിർമ്മിച്ച തേരിന്റെയും ഭഗവതിയുടെ സന്നിധിയിൽ നിർമ്മിച്ച വലിയ മണിയുടെയും സമർപ്പണം ക്ഷേത്രം തന്ത്രി ടി.എസ്. വിജയൻ നിർവഹിച്ചു. ചേറ്റിപ്പറമ്പിൽ ഫാമിലി ട്രസ്റ്റിന് വേണ്ടി ഭഗവതിക്ക് മണി സമർപ്പിച്ചത് ഹരിശ്രീനാഥ്, സി.കെ. പരമേശ്വരൻ, സി.എം. തിലക്, സി.എം. സഞ്ജയൻ എന്നിവരാണ്. ശിൽപ്പി എടവിലങ്ങ് ഉണ്ണിക്കൃഷ്ണൻ ആചാരിയെയും കുറ്റിച്ചിറ എം.പി. ദേവദാസിനെയും ആദരിച്ചു.