ഭൂകമ്പ ദു​രി​താ​ശ്വാ​സം:​ ​ തു​ർ​ക്കി​ മുമ്പ് നൽകിയ പ്രളയ​ ​സ​ഹാ​യം പാ​കി​സ്ഥാ​ൻ​ തിരിച്ചയച്ചു ​

Sunday 19 February 2023 6:43 AM IST

ഇസ്താംബുൾ: കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി തുർക്കി നൽകിയ സഹായ സാമഗ്രികൾ ഭൂകമ്പ ദുരിതാശ്വാസമെന്ന പേരിൽ തുർക്കിയിലേക്ക് തന്നെ പാകിസ്ഥാൻ അയച്ചെന്ന് ആരോപണം. പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകനായ ഷാഹിദ് മസൂദാണ് ആരോപണം ഉന്നയിച്ചത്. സിന്ധ് പ്രവിശ്യയിലെ വെള്ളപ്പൊക്ക ബാധിതർക്കായി നൽകിയ ഇവയുടെ രൂപത്തിൽ മാ​റ്റി വരുത്തിയാണ് ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ഷെഹ്‌ബാസ് ഷെരീഫ് ഭരണകൂടം അയച്ചതെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ആരോപണം പാകിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ കനത്ത നാണക്കേടായി.

അതേ സമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 46,000 കടന്നു. തുർക്കിയിൽ മാത്രം 40,000ത്തിലേറെ പേർ മരിച്ചു. അതിനിടെ തുർക്കിയിലെ ഹാതെയ് പ്രവിശ്യയിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരെ ഇന്നലെ 296 മണിക്കൂറുകൾക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് രക്ഷിച്ചു. 278 മണിക്കൂറുകളായി കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടന്ന 45കാരനെ വെള്ളിയാഴ്ച രക്ഷിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി മൂന്ന് പേരെ രക്ഷിച്ചിരുന്നു.