കടലിനടിയിൽ മറഞ്ഞിരുന്ന വെള്ളി ഗൗൺ !

Sunday 19 February 2023 6:43 AM IST

ആംസ്‌റ്റർഡാം : വർഷം 1660... ആഡംബര വസ്തുക്കളാൽ നിറഞ്ഞ നിധിശേഖരവുമായി ഒരു കപ്പൽ നെതർലൻഡ്‌സിലെ ടെക്സൽ ദ്വീപിന്റെ തീരത്ത് വടക്കൻ കടലിൽ ( നോർത്ത് സീ ) മുങ്ങിത്താഴ്ന്നു. ഏകദേശം നാല് നൂറ്റാണ്ടുകൾക്കിപ്പുറം തടിക്കൊണ്ട് നിർമ്മിച്ച ആ കപ്പലിന്റെ വളരെ കുറച്ച് ഭാഗങ്ങൾ 1,350അടി താഴ്ചയിൽ കടലിന്റെ അടിത്തട്ടിൽ മറഞ്ഞുകിടക്കുന്നുണ്ട്. ആ കപ്പലിന്റെ പേരോ ഉടമ ആരായിരുന്നെന്നോ വ്യക്തമല്ല. 2010ൽ കപ്പൽ അവശിഷ്ടങ്ങൾക്കിടെയിൽ ഒരു പെട്ടി തെളിഞ്ഞുവന്നിരുന്നു. നാല് വർഷങ്ങൾക്ക് ശേഷമാണ് മുങ്ങൽ വിദഗ്ദ്ധർക്ക് ആ പെട്ടി കരയിലെത്തിക്കാനായത്. ലോകം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരം നിഗൂഢ വസ്തുക്കളായിരുന്നു ആ പെട്ടിയിൽ. അവ പലതും വെള്ളിയിൽ നിർമ്മിച്ചതായിരുന്നു. കൂടാതെ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന പ്രഭു കുടുംബങ്ങളിൽ ഉപയോഗിച്ചിരുന്ന പോലുള്ള വസ്തുക്കളും വസ്ത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് ചില ആഡംബര ഗൗണുകളാണ്. ഒരെണ്ണം വിലകൂടിയ സിൽക്കിൽ തീർത്തതായിരുന്നു. മറ്റൊന്നാകട്ടെ, സിൽക്കിനൊപ്പം വെള്ളി നൂലിഴകളാൽ നെയ്തെടുത്തതായിരുന്നു. കാഴ്ചയിൽ വിവാഹ വസ്ത്രം പോലെ. ഇന്ന് സൂക്ഷിക്കപ്പെട്ടിട്ടുള്ള 17ാം നൂറ്റാണ്ടിലെ തുണിത്തരങ്ങളിൽ പലതും കേടുപാടുകൾ സംഭവിച്ചവയാണ്. എന്നാൽ നൂറുകണക്കിന് വർഷങ്ങൾ കടലിനടിയിൽ കിടന്നിട്ടും പെട്ടിയിലുണ്ടായിരുന്ന വസ്ത്രങ്ങൾക്ക് കാര്യമായ നാശമുണ്ടായിട്ടില്ല എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഈ വെള്ളി ഗൗൺ ഇപ്പോൾ നെതർല‌ൻ‌ഡ്‌സിലെ കാപ് സ്കിൽ മ്യൂസിയത്തിൽ കാണാം. പെട്ടിിലെ ആഡംബര വസ്തുക്കളുടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഗവേഷകർ ഇപ്പോൾ.