ചൈനീസ് ചാര ബലൂൺ: അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ അവസാനിച്ചു

Sunday 19 February 2023 6:43 AM IST

ന്യൂയോർക്ക് : ഈ മാസം 5ന് വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് സൗത്ത് കാരലൈന തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് യു.എസ് വെടിവച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ അവസാനിച്ചു.

സെൻസറുകളും മറ്റും ശേഖരിക്കാനായെന്നും എഫ്.ബി.ഐയിലെ അടക്കം വിദഗ്ദ്ധർ ഇവയുടെ പരിശോധന തുടരുകയാണെന്നും യു.എസ് അറിയിച്ചു. അതേ സമയം,​ ചാര ബലൂണിന് പിന്നാലെ യു.എസ് വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കളിൽ രണ്ടെണ്ണത്തിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിലും പൂർത്തിയായി. ഫെബ്രുവരി 11, 12, 13 തീയതികളിൽ യഥാക്രമം അലാസ്ക,​ കാനഡയിലെ യൂകോൺ,​ മിഷിഗണിലെ ഹ്യൂറൺ തടാകം എന്നിവിടങ്ങളിലെ ആകാശത്താണ് ഇവ പ്രത്യക്ഷപ്പെട്ടത്.

ഈ മൂന്ന് അജ്ഞാത പേടകങ്ങൾക്കും ചൈനയുടെ ചാര ബലൂൺ പദ്ധതിയുമായി ബന്ധമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പേടകങ്ങൾ എന്താണെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല.

Advertisement
Advertisement