യു.എസിൽ വെടിവയ്‌പിൽ ആറ് മരണം

Sunday 19 February 2023 6:44 AM IST

ജാക്സൺ: യു.എസിൽ 52കാരൻ നടത്തിയ വെടിവയ്പുകളിൽ ആറ് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മിസിസിപ്പിയിലെ റ്റേറ്റ് കൗണ്ടിയിൽ വിവിധയിടങ്ങളിലായാണ് വെടിവയ്പുണ്ടായത്. പ്രതി ഡെയ്‌‌ൽ ക്രമിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ മുൻ മുൻ ഭാര്യയും കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.

മൂന്ന് തോക്കുകളുമായെത്തിയ ഡെയ്‌‌ൽ 300ഓളം പേർ താമസിക്കുന്ന അർകാബറ്റ്‌ല മേഖലയിലെ ഒരു കടയിലാണ് ആദ്യം വെടിവയ്പ് നടത്തിയത്. പിന്നാലെ മുൻ ഭാര്യയുടെ വീട്ടിലെത്തി അവരെയും വെടിവച്ചു. വീട്ടിലുണ്ടായിരുന്ന അവരുടെ പ്രതിശ്രുത വരനെ മർദ്ദിച്ചെങ്കിലും വെടിവച്ചില്ല. തുടർന്ന് അടുത്ത ബന്ധുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും ഒരു സ്ത്രീയേയും വെടിവച്ചു. റോഡിലേക്കിറങ്ങിയ ഇയാൾ മുന്നിൽ കണ്ട കാറിന് നേരെയും നിർമ്മാണ തൊഴിലാളികൾക്ക് നേരെയും വെടിവയ്പ് നടത്തി. ആക്രമണ കാരണം വ്യക്തമല്ലെന്നും ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

 തോക്ക് അക്രമം പകർച്ചവ്യാധിയായി : ബൈഡൻ

ഈ വർഷം യു.എസിലുണ്ടായ 73ാമത്തെ കൂട്ടവെടിവയ്പാണിതെന്നാണ് ഗൺ വയലൻസ് ആർക്കൈവിന്റെ കണക്ക്. നാലോ അതിലധികമോ ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളെയാണ് പൊതുവേ കൂട്ടവെടിവയ്പ് എന്ന് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ആത്മഹത്യ അടക്കം ഏകദേശം 44,​000 പേർക്കാണ് യു.എസിൽ തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടമായത്.

തോക്ക് അക്രമങ്ങൾ രാജ്യത്ത് പകർച്ചവ്യാധിയായി പടരുന്നെന്നും ഇതിനെതിരെ കോൺഗ്രസ് ഉടൻ പ്രവർത്തിക്കണമെന്നും തോക്ക് നിയമങ്ങളിൽ പരിഷ്കാരം അനിവാര്യമാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 1994 മുതൽ 2004 വരെ നിലനിന്ന അസോൾട്ട് റൈഫിളുകളുടെ നിരോധനം പുനഃസ്ഥാപിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. നിലവിൽ കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. നിരോധനത്തെ റിപ്പബ്ലിക്കൻമാർ മുമ്പ് എതിർത്തിരുന്നു.

 6 വയസുകാരി മുത്തശ്ശിയെ വെടിവച്ചു

യു.എസിലെ ഫ്ലോറിഡയിൽ കാറോടിക്കുന്നതിനിടെ 57കാരിയായ മുത്തശ്ശിയെ പിൻ സീറ്റിലിരുന്ന ആറ് വയസുകാരി വെടിവച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവമെന്നും തന്റെ തോക്ക് മുത്തശ്ശി പിൻ സീറ്റിൽ അലക്ഷ്യമായി വയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കാർ സുര​ക്ഷിതമായി വീട്ടിലെത്തിച്ച ശേഷമാണ് മുത്തശ്ശി ചികിത്സ തേടിയത്. ഇവരുടെ നില തൃപ്തികരമാണ്.

Advertisement
Advertisement