സോ​റോ​സ് അപകടകാരിയായ ധനികൻ :​ ​എ​സ്.​ ജ​യ​ശ​ങ്കർ

Sunday 19 February 2023 6:49 AM IST

കാൻബെറ: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച ഹംഗറി - അമേരിക്കൻ ശതകോടീശ്വരനും ബിസിനസുകാരനുമായ ജോർജ് സോറോസിനെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രംഗത്ത്. വൃദ്ധനും ധനികനും അപകടകാരിയുമായ വ്യക്തിയാണ് സോറസ് എന്ന് ജയശങ്കർ പറഞ്ഞു.

ലോകം എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് തന്റെ കാഴ്ചപ്പാടുകളാണെന്നാണ് ന്യൂയോർക്കിലിരിക്കുന്ന വൃദ്ധനും ധനികനും ദുർവാശിക്കാരനുമായ സോറസിന്റെ വിചാരം. അയാൾ അപകടകാരിയുമാണ്. ഇന്ത്യ എങ്ങനെ പ്രവർത്തിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കും. ഓസ്ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണിനൊപ്പം റൈസിന അറ്റ് സിഡ്നി എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ജയശങ്കറിന്റെ പ്രതികരണം.

തങ്ങൾ ആഗ്രഹിക്കുന്നവർ വിജയിച്ചാൽ മാത്രം തിരഞ്ഞെടുപ്പ് നല്ലതാണെന്നും മറിച്ചായാൽ മോശം ജനാധിപത്യമാണെന്നുമാണ് ഇത്തരക്കാരുടെ വിചാരമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. അദാനി വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുർബലപ്പെടുത്തുമെന്നും ഇന്ത്യയിൽ ഒരു ജനാധിപത്യ പുനരുജ്ജീവനം പ്രതീക്ഷിക്കുന്നുമെന്ന സോറസിന്റെ പ്രസ്താവനയ്ക്കെതിരെ സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്ര മന്ത്രിമാർ കഴിഞ്ഞ ദിവസം കടുത്ത മറുപടി നൽകിയിരുന്നു.