നടി സ്‌റ്റെല്ല സ്‌റ്റീവൻസ് അന്തരിച്ചു

Sunday 19 February 2023 6:49 AM IST

ലോസ്ആഞ്ചലസ്: 1960-70കളിൽ ഹോളിവുഡിൽ തരംഗമായി മാറിയ നടിയും മോഡലുമായ സ്റ്റെല്ല സ്റ്റീവൻസ് ( 84 ) അന്തരിച്ചു. അൽഷൈമേഴ്സ് ബാധിതയായിരുന്നു. ദ നട്ടി പ്രൊഫസർ ( 1963 ), ദ പൊസിഡൺ അഡ്വെഞ്ചർ ( 1972 ) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സ്റ്റെല്ല വെള്ളിയാഴ്ച അൽഷൈമേഴ്സ് പരിപാലന കേന്ദ്രത്തിൽ വച്ചാണ് വിടവാങ്ങിയത്. 1938ൽ മിസിസിപ്പിയിലെ യാസൂ സിറ്റിയിൽ ജനിച്ച സ്റ്റെല്ല 16-ാം വയസിൽ വിവാഹിതയായി. മകൻ ആൻഡ്രൂ നടനും നിർമ്മാതാവുമാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം വിവാഹ മോചിതയായ സ്റ്റെല്ല മെം‌ഫിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനത്തിന് ചേർന്നു. ഇക്കാലയളവിലാണ് അഭിനയ രംഗത്തേക്കെത്തിയത്. റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിക്കൊപ്പമുള്ള ഗേൾസ്!ഗേൾസ്!ഗേൾസ്! ( 1962 ) എന്ന ചിത്രത്തിലൂടെ വഴിത്തിരിവായി. ദ സൈലൻസേഴ്സ്,​ ദ മാഡ് റൂം,​ ആർനോൾഡ്,​ ലാസ് വേഗാസ് ലേഡി തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. റോക്ക് ഗിറ്റാറിസ്റ്റ് ബോബ് കുലിക്ക് ജീവിത പങ്കാളിയായി, 2010ൽ അഭിനയ ജീവിതം അവസാനിപ്പിച്ചു.