ആന്റണി ആൽബനീസുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ

Sunday 19 February 2023 6:49 AM IST

കാൻബെറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫിജിയിൽ നിന്ന് ഓസ്ട്രേലിയയിലെത്തിയ ജയശങ്കർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം ആൽബനീസിന് കൈമാറി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വിവിധ മേഖലകളിൽ തുടരുന്ന ഉഭയകക്ഷി ബന്ധവും സഹകരണവും സിഡ്നിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചർച്ച ചെയ്തു.

ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി ചർച്ച നടത്തിയ ജയശങ്കർ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഒപ്പോട് കൂടിയ ക്രിക്കറ്റ് ബാറ്റ് പെന്നിക്ക് സമ്മാനിച്ചു. പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസ്, ഊർജ - കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബ്രൗൺ തുടങ്ങി ഓസ്ട്രേലിയയിലെ മറ്റ് ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ജയശങ്കർ ജി - 20, ഇൻഡോ - പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

 ആൽബനീസ് ഇന്ത്യയിലേക്ക്

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് മാർച്ച് 8ന് ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം അടുത്ത ദിവസം അഹമ്മദാബാദിൽ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാനുമെത്തുമെന്നാണ് വിവരം. കഴിഞ്ഞ വർഷം മേയിൽ അധികാരമേറ്റ ശേഷമുള്ള ആൽബനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.