ബിനോയ് കൃഷ്ണൻ രചിച്ച 'അമൂർത്തം' കവിത സമാഹാരം പ്രകാശനം ചെയ്തു
കവിയും ഗാന രചയിതാവും മാദ്ധ്യമ പ്രവർത്തകനുമായ ബിനോയ് കൃഷ്ണൻ രചിച്ച് സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 'അമൂർത്തം' എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഹാളിൽ നടന്നു. കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐഎഎസ് പ്രകാശനം നിർവഹിച്ചു.
സ്വാതന്ത്യത്തിനു വേണ്ടി നിലകൊള്ളുന്ന കവിതകളുടെ സമാഹാരമാണ് അമൂർത്തമെന്ന് കെ ജയകുമാർ ഐഎഎസ് പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സി നാരായണൻ പുസ്തകം ഏറ്റുവാങ്ങി. ചുള്ളിക്കാടിനു ശേഷം പ്രണയവും ഗൃഹാതുരതയും തീവ്രമായി അനുഭവിപ്പിക്കുന്ന കവിതകൾ മലയാളത്തിനു സംഭാവന ചെയ്യുകയാണ് അമൂർത്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചലച്ചിത്ര സംവിധായകൻ പാമ്പള്ളി, സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബി ടി അനിൽകുമാർ, സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി, മാധ്യമപ്രവർത്തകൻ ടി പി പ്രശാന്ത്, പുനലൂർ നഗരസഭാധ്യക്ഷ ബി സുജാത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജീവിതാനുഭവങ്ങൾ കവിതകളായി മാറുകയായിരുന്നുവെന്ന് കവി ബിനോയ് കൃഷ്ണൻ പറഞ്ഞു. ഭാവതീവ്രവും ജീവിതഗന്ധിയുമായ കവിതകളുടെ സമാഹാരമാണ് അമൂർത്തം. എൻ എസ് സുമേഷ് കൃഷ്ണനാണ് അവതാരിക തയ്യാറാക്കിയിരിക്കുന്നത്.