അറിഞ്ഞില്ല ആരും പറഞ്ഞില്ല, സുഹൃത്തിന്റെ വീട്ടിൽ നിന്നും  പ്രശസ്ത താരം കഴിച്ചത് നായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഇറച്ചി

Sunday 19 February 2023 12:15 PM IST

കന്നഡ ടി വിതാരം അനുശ്രീ സുഹൃത്തിന്റെ വീട്ടിൽ നിന്നും കഴിച്ചത് നായയ്ക്ക് തയ്യാറാക്കി വച്ച ചിക്കൻ കറി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടി വി അവതാരകയാണ് അനുശ്രീ. കഴിഞ്ഞ വാലന്റൈൻ ദിനത്തിലാണ് ഒരു ഷോയിൽ പങ്കെടുക്കവേ തനിക്കു പറ്റിയ അമളി താരം വെളിപ്പെടുത്തിയത്.

നടിയും മോഡലുമായ ശുഭ പൂഞ്ചയും അവളുടെ ഭർത്താവ് സാമന്തും അനുശ്രീയുടെ ടി വി ഷോയിൽ എത്തിയപ്പോഴാണ് താരം തന്റെ അനുഭവം പറഞ്ഞത്. ശുഭയുടെ വീട്ടിൽ നിന്നുമാണ് അനുശ്രീക്ക് നായയ്ക്കുള്ള ഭക്ഷണം ലഭിച്ചത്. മംഗലാപുരത്ത് ഒരുമിച്ചു വളർന്നു വന്ന ഇരുവരും വളരെക്കാലമായി സുഹൃത്തുക്കളാണ്. ശുഭയുടെ വീട്ടിലെത്തിയ അനുശ്രീ തനിക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ചിക്കൻ ഡൈനിംഗ് ടേബിളിൽ ഉണ്ടാക്കി വച്ചിട്ടുണ്ടെന്നാണ് കൂട്ടുകാരി പറഞ്ഞത്.

തുടർന്ന് അനുശ്രീ മേശപ്പുറത്തിരുന്ന ചിക്കൻ കറി ചോറിനൊപ്പം കഴിച്ചു. എന്നാൽ ചിക്കൻ കറിയിൽ ഉപ്പില്ലായിരുന്നു. കോഴിയിറച്ചിയും ചോറും ഒരു നുള്ള് ഉപ്പുപോലുമില്ലാതെ കഴിച്ചതിനെ തുടർന്ന് ഉപ്പ് ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് താൻ കഴിച്ചത് നായയ്ക്ക് വേണ്ടി ഉണ്ടാക്കിയ കോഴിക്കറിയാണെന്ന് ശുഭ പറഞ്ഞത്. തനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വേദനാജനകമായ അനുഭവമാണിതെന്ന് അനുശ്രീ ഷോയിൽ തമാശരൂപേണ പറഞ്ഞു.