കണ്ണൂരിൽ പിതാവ് മകനെ വെട്ടി; പത്തൊൻപതുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Sunday 19 February 2023 3:25 PM IST
stabbed

കണ്ണൂർ: പിതാവിന്റെ വെട്ടേറ്റ് പത്തൊൻപതുകാരന് ഗുരുതര പരിക്ക്. കണ്ണൂർ പരിയാരം കോരൻപീടികയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കോരൻപീടിക മുത്തപ്പൻമടപ്പുര സ്വദേശി അബ്‌ദുൾ നാസർ മകൻ ഷിയാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഷിയാസിന്റെ കാലിനും കൈകൾക്കും ഉൾപ്പടെ പത്തോളം വെട്ടേറ്റുവെന്നാണ് വിവരം. യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസമയം അബ്‌ദുൾ നാസറും ഷിയാസും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നു. മാതാവ് ബന്ധുവീട്ടിലായിരുന്നു. കുറച്ചുദിവസം മുൻപ് പിതാവും മകനും തമ്മിൽ വഴക്കിട്ടിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. പുലർച്ചെ നാലരയോടെ വൈദ്യുതി പോയപ്പോൾ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷിയാസിനെ പിതാവ് വെട്ടുകയായിരുന്നു.

കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഷിയാസിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട അബ്ദുൾ നാസറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, സംഭവം നടന്നയുടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെങ്കിലും ഏറെ വൈകിയാണ് എത്തിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.