ഏഴാറ്റുമുഖത്ത് ആനശല്യം രൂക്ഷം, പകലും റോഡിൽ കാട്ടാനകൾ !

Monday 20 February 2023 12:26 AM IST

ചാലക്കുടി: ഭീതിയുണർത്തി ഏഴാറ്റുമുഖം പ്ലാന്റേഷൻ റോഡിലെ ആനകളുടെ പകൽ സഞ്ചാരം പതിവാകുന്നു. വേനൽ കനത്തതോടെ പുഴയിൽ നിന്നും വെള്ളം കുടിക്കുന്നതിനും തീറ്റ തേടിയുമാണ് ആനകളെത്തുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ എത്തിയ രണ്ടാനകൾ പതിനെട്ടാം ബ്ലോക്കിൽ ഒരു മണിക്കൂറോളം റോഡരികിൽ നിലയുറപ്പിച്ചു. എണ്ണപ്പന തോട്ടത്തിലായിരുന്നു ഇവയുടെ വിഹാരം.

വിനോദസഞ്ചാരികൾക്ക് ഈസമയം ഇതിലൂടെ കടന്നുപോകാനായില്ല. ആനകൾ കാട്ടിലേക്ക് തിരികെ പോയശേഷമാണ് സഞ്ചാരികൾക്ക് പോകാനായത്. രണ്ടാഴ്ചയോളമായി ആനകൾ പതിവായി വെള്ളം കുടിക്കുന്നതിനും മറ്റും പുഴയിലേക്ക് വരുന്നുണ്ട്. രാത്രിയിൽ കൂടുതൽ ആനകളെത്തുന്നത് പ്രദേശവാസികളെ ഭയപ്പെടുത്തുന്നു. തീറ്റയാണ് ഇവയുടെ പ്രധാന ലക്ഷ്യം.

ചക്കയുള്ള പറമ്പുകളിൽ നേരം പുലരുവോളം തമ്പടിക്കുന്നുണ്ട്. പ്ലാന്റേഷൻ ജീവനക്കാരൻ മനയാംപറമ്പിൽ വിനോദിന്റെ പ്രകൃതി ഗ്രാമത്തിന് സമീപത്തെ വീട്ടുമുറ്റത്ത് ശനിയാഴ്ച രാത്രി ഒരു കൊമ്പൻ എത്തിയിരുന്നു. തീറ്റ തേടി നടന്ന കൊമ്പൻ ഉപദ്രവം ഉണ്ടാക്കാതെ തിരിച്ചുപോയി. നേരത്തെ പലവട്ടം ഇത്തരം സംഭവങ്ങളുണ്ടായിരുന്നു.

Advertisement
Advertisement