പൊയ്ക്കുതിരകൾ ഒരുങ്ങുന്നു, നൂറ്റാണ്ടുകളുടെ പഴമയുമായി മച്ചാട് മാമാങ്കം !

Monday 20 February 2023 12:00 AM IST
മാമാങ്കത്തിനുള്ള കുതികളെ തയ്യാറാക്കുന്നു

തൃശൂർ: ആഘോഷങ്ങൾ പുതുരൂപത്തിലേക്ക് നീങ്ങുമ്പോൾ, പഴമയുടെ പ്രതീകങ്ങളായി തുടരുകയാണ്, മച്ചാട് മാമാങ്കത്തിലെ പൊയ്ക്കുതിരകൾ. പരമ്പരാഗത രീതിയിൽ പച്ചമുളയിൽ ഒരുക്കിയെടുക്കുന്ന ഭഗവതിയുടെ വാഹനമെന്ന് വിശേഷിപ്പിക്കുന്ന അശ്വവേതാളത്തിന്റെ മാതൃകയെന്ന നിലയിലാണ് ദേശങ്ങൾ കുതിരകളുമായി കാവിലേക്കെത്തുക. കരുമത്ര, വിരുപ്പാക്ക, മണലിത്തറ, മംഗലം, പാർളിക്കാട് എന്നീ ദേശങ്ങളിൽ നിന്നാണ് കുതിരകളെത്തുക.

മംഗലം ഒഴിച്ചുള്ള ദേശങ്ങളിൽ നിന്നെത്തുന്നത് പെൺകുതിരകളെന്നാണ് ഐതിഹ്യം. ഇതിന് പുറമേ ക്ഷേത്രം കുതിരകളുമുണ്ടാകും. എല്ലാ ദേശങ്ങളിലും കുതിര നിർമ്മാണം ഏതാണ്ട് പൂർത്തിയായി. 11 കുതിരകളാണ് കാവിലെത്തുക. പറയെടുപ്പിന് ഭഗവതിയുടെ പ്രതിനിധിയായ ഇളയതിനെ അവകാശികളായ 'എടുപ്പന്മാർ' തോളിലേറ്റിയാണ് വീടുകളിലെത്തുകയെന്ന പ്രത്യേകതയുമുണ്ട്. നാളെയാണ് മാമാങ്കം.


കുതിരകൾ ഒരുങ്ങുന്നു

മാമാങ്കപ്പെരുമയിൽ മച്ചാട് കുതിരത്തണ്ടിൽ പച്ചമുള കീറി അലകുണ്ടാക്കി കുതിരയുടെ മാതൃക നിർമ്മിച്ച ശേഷം അതിൽ വയ്ക്കോൽ പൊതിഞ്ഞാണ് കുതിരകളെ ഉണ്ടാക്കുക. പറ പുറപ്പാടിന് ശേഷമേ കുതിര നിർമ്മാണം തുടങ്ങൂ. ദേശത്തെ തച്ചന്മാരുടെ നേതൃത്വത്തിൽ തട്ടക നിവാസികൾ ചേർന്നാണ് കുതിരകളെ ഒരുക്കുന്നത്. ഓരോ ദേശത്തിനും വ്യത്യസ്ത വലിപ്പത്തിലുള്ള കുതിരകളെയാണ് നിർമ്മിക്കുക. ഏകദേശം വലിയ കുതിരകൾക്ക് നൂറുകെട്ട് വയ്ക്കോൽ, പച്ചമുളകൾ, ചാക്കുചരട് എന്നിവ വേണ്ടിവരും. തുണികൾ കൊണ്ടാണ് കുതിരയെ അലങ്കരിക്കുന്നത്. മാമാങ്ക ദിവസം കുതിരത്തല വച്ച് ആടയാഭരണങ്ങൾ അണിയിച്ച് ആർപ്പുവിളികളോടെ ദേശത്തെ തച്ചന്റെ പൂജയ്ക്ക് ശേഷമാണ് കുതിര എഴുന്നള്ളിപ്പ്.


മാമാങ്കം

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണൽപുറത്ത് 12 വർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്ന മഹോത്സവം മാഘമാസത്തിലെ മകം നാളിൽ നടന്നിരുന്നതിനാൽ 'മാഘമകം' എന്ന പേർ സിദ്ധിച്ചു. മാഘമകം പിന്നീട് ലോപിച്ച് മാമാങ്കമായി. ഇതിന്റെ രക്ഷാധികാര സ്ഥാനത്തിനായി നാടുവാണ രാജാക്കന്മാർ തമ്മിൽ നടത്തിയ യുദ്ധങ്ങളാൽ രചിച്ചത് ചോരക്കഥകളാണ്. ഒടുവിൽ അത് വിസ്മൃതിയിലാണ്ടു. കാലപ്രവാഹത്തിൽ തനിമ നഷ്ടപ്പെടാതെ മച്ചാട് താഴ് വരയിൽ ആ ആഘോഷം പുനരവതരിക്കുകയായിരുന്നു.

Advertisement
Advertisement