കാലാവസ്ഥ കഠിനം, കുളിരിൽ ഉണർന്ന്, പകലി​ൽ വെന്തുരുകി​

Monday 20 February 2023 1:23 AM IST
summer

ആലപ്പുഴ: 'രാവിലെ ഫ്രിഡ്ജിൽ നിന്നെടുത്ത് ഉച്ചയോടെ മൈക്രോവേവ് ഓവനിൽ പുഴുങ്ങി രാത്രി വീണ്ടും തണുപ്പിച്ച് ഉറക്കുന്നു... ട്രോളായി പ്രത്യക്ഷപ്പെട്ടതാണെങ്കിലും ജില്ലയുടെ നിലവിലെ കാലാവാസ്ഥയുമായി ഈ വാക്കുകൾ അക്ഷരംപ്രതി യോജിക്കും. അസഹനീയമായ തോതിൽ പകൽസമയത്തെ ചൂട് വർദ്ധിച്ചി​ട്ടുണ്ട്. രാത്രി മുതൽ പുലർച്ചെ വരെ നല്ല മഞ്ഞും. ഏതാനും ആഴ്ചകളായി ജില്ലയിലെ പകൽച്ചൂട് 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. താപനില ഇനിയും ഉയരാനാണ് സാദ്ധ്യത. മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഭക്ഷണകാര്യങ്ങളിലടക്കം ഇക്കാലയളവിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. സാലഡ്, ചട്നി തുടങ്ങി പാകം ചെയ്യാത്ത വിഭവങ്ങൾ തയ്യാറാക്കാൻ പച്ചവെള്ളം ഉപയോഗിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ ലവണനഷ്ടം പരഹരിക്കാൻ സഹായിക്കും. കഴിവതും കാർബണേറ്റഡ് കൃത്രിമപാനീയങ്ങൾ ഒഴിവാക്കണം. ചൂട് കനത്തതോടെ ഇളനീർ, തണ്ണിമത്തൻ വ്യാപാരവും വർദ്ധിച്ചിട്ടുണ്ട്.

അഗ്നിബാധയെ കരുതണം

ചൂടുകൂടുമ്പോൾ അഗ്നിബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചെറിയ അശ്രദ്ധയാണ് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് വഴിവെയ്ക്കുന്നത്. അലക്ഷ്യമായി ഒരു വസ്തുക്കളും കത്തിക്കുത്. ചെറിയ തീപ്പൊരി പോലും എളുപ്പം പടർന്നു കയറും.

 അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

 പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

 രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിലേൽക്കരുത്

ചൂട് കൂടിയത് പകൽ സമയത്തെ വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ അന്തരീക്ഷത്തിൽ പച്ചക്കറികൾ വേഗത്തിൽ വാടിപ്പോകുന്നത് നഷ്ടം വരുത്തുന്നു

- മുല്ലയ്ക്കൽ തെരുവിലെ ചീര വില്പനക്കാർ

Advertisement
Advertisement