ഷിംജിത്തിന്റെ പാടത്ത് ' രാമലക്ഷ്മണനെ' കാണാം
പേരാവൂർ: തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്തിന്റെ പാടത്തേക്ക് വന്നാൽ 'രാമലക്ഷ്മണനെ' നേരിൽക്കാണാം.
ഒരു നെല്ലിനുള്ളിൽ രണ്ട് അരിമണിയുള്ള നാടൻ നെല്ലാണ് രാമലക്ഷ്മണൻ.
വ്യത്യസ്തയിനം നാടൻ നെൽവിത്തുകൾ വിളയുന്ന രണ്ടേക്കറോളമുള്ള പാടശേഖരത്തിലെ 22 സെന്റിലാണ് രാമലക്ഷ്മണൻ ഇപ്പോൾ നിറകതിരുമായി നിൽക്കുന്നത്. രണ്ടാം വിളയുടെ സമയത്തായിരുന്നു കൃഷിയിറക്കിയത്.
വിത്ത് വിതച്ച് 180 ദിവസം കൊണ്ട് കൊയ്യാറാകുന്നതെന്നാണറിഞ്ഞതെങ്കിലും 120 ദിവസം കൊണ്ട് വിളവെടുക്കാമെന്നാണ് ഷിംജിത്തിന്റെ അനുഭവം. കിളിശല്യമുണ്ടെങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മൂന്നാഴ്ച കഴിഞ്ഞാൽ രാമലക്ഷ്മണൻ കൊയ്യാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. അരിമണികൾക്ക് ജീരകശാല അരിയുടെ വലിപ്പമേയുള്ളു.
അന്യംനിന്നു പോകുന്ന നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ കൃഷിയും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കി വളർത്താനുള്ള നിരന്തരമായ ശ്രമത്തിലാണ് ഈ കർഷക പ്രതിഭ. വയലറ്റ് നിറമുള്ള നസർബാത്ത് പോലെയുള്ള നെല്ലിനങ്ങൾ ഇവിടെ വിളയിക്കുന്നുണ്ട്.
260 ഓളം നാടൻ നെൽവിത്തുകൾ ഷിംജിത്ത് നട്ട് പരിപാലിക്കുന്നുണ്ട്. നാടൻ നെൽവിത്തുകൾ തേടി ഇദ്ദേഹത്തെ സമീപിച്ചാൽ ഏതിനം വിത്തുകളും കൈമാറും. വിതച്ച് വിളവെടുക്കുമ്പോൾ കൃത്യമായി തിരികെ നൽകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം.
50 ൽപ്പരം വ്യത്യസ്തയിനം മഞ്ഞളും, ഇഞ്ചിയും, അഞ്ഞൂറിലധികം ഔഷധസസ്യങ്ങൾ, വ്യത്യസ്തമായ കൃഷികൾ, വ്യത്യസ്തമായ സുഗന്ധം പരത്തുന്ന 35 ഓളം തുളസികൾ എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് ഷിംജിത്തിന്റെ കൃഷിയിടം.
കിട്ടിയത് വയനാട്ടിൽ നിന്നും
രാജസ്ഥാൻ, ഒറീസ തുടങ്ങിയ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളയുന്ന ഈ നാടൻ നെൽവിത്തിനെക്കുറിച്ചുള്ള വാർത്ത മൂന്ന് വർഷം മുമ്പാണ് ഷിംജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു നെന്മണിയിൽ രണ്ട് അരിമണിയുള്ള രാമലക്ഷ്മണനെക്കൂടാതെ മൂന്ന് അരി മണികളുള്ള രാമലക്ഷ്മണൻ സീതയും ഒരു നെല്ലിനുള്ളിൽ അഞ്ച് അരി വിളയുന്ന 'പഞ്ചപാണ്ഡവരേയും' കുറിച്ച് കേട്ടപ്പോൾ കൗതുകമായി. തുടർന്ന് ഇവയുടെ വിത്തുകൾ തേടിയുള്ള യാത്രയിലാണ് വയനാട് ബത്തേരിയിൽ നാടൻ വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്തുവരുന്ന സുനിൽ എന്ന കർഷകനിൽ നിന്നും രാമലക്ഷ്മണന്റെ വിത്ത് ലഭിക്കുന്നത്.
അംഗീകാരമായി അവാർഡുകൾ
1.സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര അവാർഡ്
2. സംസ്ഥാന സർക്കാരിന്റെ അക്ഷയ ശ്രീ ജൈവകർഷക പുരസ്‌കാരം, പ്രകൃതി മിത്ര പുരസ്‌കാരം
3. ജൈവ വൈവിദ്ധ്യ ബോർഡിന്റെ മികച്ച കർഷകനുള്ള അവാർഡ്