നന്ദമൂരി താരകരത്നയ്ക്ക് ആദരം അർപ്പിച്ച് പ്രമുഖർ; സംസ്കാരം ഇന്ന്

Monday 20 February 2023 2:34 AM IST

ഹൈദരാബാദ്: തെലുങ്ക് നടനും എൻ.ടി.ആറിന്റെ ചെറുമകനുമായ നന്ദമൂരി താരകരത്നയ്ക്ക് (39) ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തെലങ്കാന​ മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖർറാവു,ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, സിനിമാ താരങ്ങളായ ചിരഞ്ജീവി,​ അല്ലു അർജ്ജുൻ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് 23 ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. തെലുങ്ക് സിനിമ താരങ്ങളായ ബാലകൃഷ്ണ,ജൂനിയർ എൻ.ടി.ആർ,​ കല്യാൺറാം എന്നിവരുടെ ബന്ധുവാണ്.

ജനുവരി 27-ന് ടി.ഡി.പി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്റെ പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ താരകരത്നയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 40-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മരണം. 1983 ഫെബ്രുവരി 22ന് ജനിച്ച അദ്ദേഹം 2002ൽ ഒകാട്ടോ നമ്പർ കുരാഡു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി.

താരക്,​ ഭദ്രാദി രാമുഡു,​ നദീശ്വരുഡു, യുവരത്ന തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. അമരാവതി എന്ന ചിത്രത്തിലെ അഭിനയത്തിന് നന്ദി പുരസ്കാരം ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ 9 അവേഴ്സ് എന്ന വെബ്സീരീസും ശ്രദ്ധേയമായി.

ഭാര്യ അലേഖ്യ റെഡ്ഡി, ഒരു മകളുണ്ട്.

Advertisement
Advertisement