ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളി നിലത്തിട്ടു; കണ്ടുനിന്ന അക്ഷയ് കുമാർ ചെയ്തത് കണ്ട് കൈയടിച്ച് ജനങ്ങൾ

Monday 20 February 2023 12:46 PM IST

മലയാളികൾക്കിടയിലും ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. തന്റെ പുതിയ ചിത്രമായ 'സെൽഫി'യുടെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ അദ്ദേഹം. ഇതിനിടെ മുംബയിൽ വച്ച് ഒരു ആരാധകൻ ബാരിക്കേഡ് കടന്ന് താരത്തിന്റെ അടുത്തെത്തിയിരുന്നു. തുടർന്ന് അക്ഷയ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

അക്ഷയ് കുമാർ വേദിയിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് ബാരിക്കേ‌ഡ് കടന്ന് ആരാധകൻ അദ്ദേഹത്തിന് സമീപമെത്തിയത്. ഉടൻ തന്നെ നടന്റെ സുരക്ഷാ സംഘം ഇയാളെ നിലത്ത് തളളിയിടുകയും മാറിനിൽക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് കണ്ട അക്ഷയ് കുമാർ സെക്യൂരിറ്റിയോട് നിർത്താൻ ആവശ്യപ്പെട്ടശേഷം ആൾക്കൂട്ടത്തിനിടയിലൂടെ ചെന്ന് ആരാധകനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇതിനിടെ ആരാധകനോട് എന്തൊക്കെയോ ചെവിയിൽ പറയുന്നുണ്ടായിരുന്നു. തുടർന്ന് അവിടെ കൂടിയിരുന്ന ആരാധകർക്ക് നേരെ കൈവീശി കാണിച്ചുകൊണ്ട് താരം അവിടെ നിന്നും പോവുകയായിരുന്നു.

മലയാള സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ഈ മാസം 24നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളിൽ ഇമ്രാൻ ഹാഷ്മിയും എത്തുന്നു. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, സുപ്രിയ മേനോൻ, കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അപൂർവ മേത്ത, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement
Advertisement