യുവാവിനെ ആക്രമിച്ച പ്രതികളെ പിടികൂടി

Tuesday 21 February 2023 3:31 AM IST

കടയ്‌ക്കാവൂർ: നിലയ്‌ക്കാമുക്ക് ജംഗ്ഷന് സമീപം യുവാവിനെ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളെ പിടികൂടി. നിലയ്‌ക്കാമുക്ക് സ്വദേശി വിഷ്‌ണുവിനെ ആക്രമിച്ച സംഭവത്തിൽ ജയൻ (47),വിതുര സ്വദേശി വിജിത്ത് (37),ഒറ്റൂർ സ്വദേശി മനീഷ് (37) എന്നിവരെയാണ് കടയ്‌ക്കാവൂർ പൊലീസ് അറസ്റ്റുചെയ്‌തത്. മുൻവിരോധമാണ് അക്രമത്തിന് കാരണം.

ഫെബ്രുവരി 5ന് രാത്രി 10ഓടെ വിഷ്‌ണുൻ ഗണപതിപ്പുര അമ്പലത്തിലേക്ക് പോകവേ വഴിയിൽ തടഞ്ഞുനിറുത്തി ചുറ്റിക,തടിക്കഷണം എന്നിവ ഉപയോഗിച്ച് തലയ്‌ക്കടിച്ച് ക്രൂരമായി പരിക്കേല്പിച്ചു. സംഭവശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പരിക്കേറ്റ വിഷ്‌ണു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

വർക്കല ഡിവൈ.എസ്.പി മാർട്ടിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കടയ്ക്കാവൂർ എസ്.ഐ മാഹിൻ, എ.എസ്.ഐമാരായ ജയപ്രസാദ്, രാജീവ്, ശെൽവൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ് കുമാർ,അനീഷ്,അരുൺ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്‌തു.

ഫോട്ടോ: പ്രതികളായ വിജിത്ത്,ജയൻ,മനീഷ്