പത്ത് യാത്രക്കാരുമായി മണൽത്തിട്ടയിലിടിച്ച വളളം നടുക്കായലിൽ കുടുങ്ങി

Tuesday 21 February 2023 12:52 AM IST

അരൂർ : കായലിന് നടുക്ക് മണൽത്തിട്ടയിൽ യാത്രക്കാരുമായി വള്ളം ഉറച്ചത് പരിഭ്രാന്തി പരത്തി. അരൂർ - ഇടക്കൊച്ചി പാലത്തിന് പടിഞ്ഞാറുവശം കൈതപ്പുഴ കായലിൽ രൂപംകൊണ്ട മണൽത്തിട്ടയിലാണ് വള്ളം ഇടിച്ചു നിന്നത് .ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പത്ത് യാത്രക്കാർഎൻജിൻ ഘടിപ്പിച്ച കടത്ത് വള്ളത്തിൽ ഉണ്ടായിരുന്നു.

നട്ടുച്ച വെയിലത്ത് വളരെനേരം കായലിനുനടുവിൽ വള്ളം കുടുങ്ങിക്കിടക്കുന്നത് കണ്ട് എത്തിയ അരൂർ മുക്കം.സ്വദേശികളായ വാസവനും അഭയനും ചേർന്നു സ്ത്രീകൾ അടക്കം എട്ട് യാത്രക്കാരെ കരയിലെത്തിച്ചു. രണ്ടു പുരുഷ യാത്രക്കാർ വള്ളത്തിൽ നിന്നും വിട്ടു പോരാൻ കൂട്ടാക്കിയില്ല. കുമ്പളങ്ങിയിൽ നിന്ന് അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ പെരുന്നാളിന് പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വള്ളത്തിലുണ്ടായിരുന്നവർ . കായലിനു നടുവിൽപ്പെട്ടുപോയ യാത്രക്കാരിൽഎട്ട് പേർ വൈകിട്ട് അ‌ഞ്ചോടെ കരയ്ക്കടുത്തെങ്കിലും വള്ളവുമായി രണ്ടുപേർ കരയ്ക്കടുത്തത് പാതിരാത്രിയോടെയാണ്. വേലിയേറ്റം ശക്തമായപ്പോൾ മാത്രമാണ് വള്ളം കുറച്ചെങ്കിലും അനക്കി എടുക്കുവാൻ കഴിഞ്ഞത്. അരൂരിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് പാലത്തിന്റെ അടിഭാഗത്ത് കൂടെ കുടിവെള്ള പൈപ്പിനു വേണ്ടി വലിയ പൈപ്പ് സ്ഥാപിച്ചപ്പോൾ പുറന്തള്ളിയ മണ്ണും എക്കലും ജെ.സി.ബിയിൽ ഇവിടെ തള്ളുകയായിരുന്നു. കുന്നുകൂടി കിടക്കുന്ന ഈ മണൽത്തിട്ട ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട് വേഗത്തിൽ വരുന്ന ജലയാനങ്ങളിൽ പലതും മണൽതിട്ടയിലിടിച്ച് യാത്രക്കാർ കായലിൽ തെറിച്ചുവീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്.