ഈ കുരുന്നിന് ജീവിക്കാൻ വേണം എല്ലാവരുടെയും കൈത്താങ്ങ്

Tuesday 21 February 2023 12:05 AM IST
ദക്ഷയുടെ കാലുകൾ വളഞ്ഞനിലയിൽ

അമ്പലപ്പുഴ : നാലുമാസം പ്രായമുള്ള ദക്ഷയ്ക്ക് അടിയന്തരമായി വേണ്ടത് മൂന്നു ശസ്ത്രക്രിയകൾ. മുട്ടിനും തുടയെല്ലിനും ഇടുപ്പെല്ലിനുമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുള്ളത്. നിർമാണതൊഴിലാളിയായ അമ്പലപ്പുഴ നീർക്കുന്നം കണ്ണംതറ രജീഷിന്റെയും മാതുവിന്റെയും മകളാണ് ദക്ഷ. കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ നീറി കഴിയുകയാണ് നിർദ്ധന കുടുംബാംഗങ്ങളായ രജീഷും മാതുവും. ദക്ഷയ്ക്ക് വൃക്കയ്ക്കും ഹൃദയത്തിനും തകരാറുകളുണ്ട്.

വൈകല്യങ്ങളോടെയായിരുന്നു ദക്ഷയുടെ ജനനം. പ്രസവിച്ച് രണ്ടുമാസക്കാലം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞു. ഹൃദയവാൽവിൽ സുഷിരവും വൃക്കയ്ക്ക് വീക്കവുമുണ്ട്. തുടയെല്ലിനു പൊട്ടലും. രണ്ടുകാലുകളും പാദങ്ങളും വളഞ്ഞിരിക്കുകയാണ്. കാൽമുട്ടിന്റെ ചിരട്ട അടിഭാഗത്താണ്. ഇടുപ്പെല്ലിന്റെ ഒരുഭാഗം തെന്നിയ നിലയിലുമാണ്. വായുടെ ഉള്ളിലും സുഷിരമുണ്ട്.

രജീഷിന്റെയും മാതുവിന്റെയും മൂന്നാമത്തെ കുഞ്ഞാണ് ദക്ഷ. രണ്ടാമത്തെ മകൻ നാലുവയസുകാരൻ ധ്യാനിനും വൃക്കയ്ക്ക് വീക്കമുള്ളതിനാൽ ചികിത്സവേണം. വെള്ളംകയറുന്ന പ്രദേശത്തെ നാലുസെന്റ് സ്ഥലത്ത് ഇടിഞ്ഞുവീഴാറായ ഷെഡിലാണ് കുടുംബത്തിന്റെ താമസം. ദുരിതങ്ങൾ ഒന്നിനുപുറകെ ഒന്നായി വേട്ടയാടുമ്പോൾ സുമനസുകളുടെ സഹായമല്ലാതെ ഇവർക്ക് മുന്നോട്ടുപോകാനാകില്ല. മാതുവിന്റെ പേരിൽ എസ്.ബി.ഐ ആലപ്പുഴ എൻ.എച്ച് 47 ശാഖയിൽ 32917237137 എന്ന നമ്പരിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി : SBIN0008589. ഫോൺ: 9037178961. ഗൂഗിൾ പേ നമ്പർ : 8848609695.