മതാതീത ആത്മീയതയുടെ പ്രകാശഗോപുരം
' ശ്രീനാരായണ ധർമ്മസംഘത്തിലെ അംഗവും നായകനുമെന്ന നിലയ്ക്കാണ് കേരള സമൂഹത്തിൽ സ്വാമി ശാശ്വതീകാനന്ദ ആദ്യമായി അടയാളപ്പെടുത്തപ്പെട്ടത്. ഗുരുധർമ്മത്തെ മാനവികതയുടെ പൂർണവളർച്ചയെത്തിയ ദർശനമായി കാണുന്നവർ ഏറെയുണ്ട്. എന്നാൽ ഗുരുധർമ്മത്തിൽ അടിയുറച്ച് മതാതീത ആത്മീയതയുടെ പക്ഷത്തായിരുന്നു ശാശ്വതീകാനന്ദയുടെ സ്ഥാനം' ഗുരുവചനത്തിന്റെ പൊരുൾ സ്വാമി ശാശ്വതീകാനന്ദയ്‌ക്ക് പകലുപോലെ വ്യക്തമായിരുന്നു. യുവതലമുറ സമഗ്ര കാഴ്ചപ്പാടിൽ ഗുരുദർശനത്തെ സ്വീകരിക്കാൻ വേണ്ടി രൂപപ്പെടുത്തിയെടുത്തതാണ് ഗുരുധർമ്മ പ്രചാരണ സഭ. ഗുരുദേവന്റെ ഒരു ജാതി ഒരു മതം' ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം മതാതീത ആത്മീയതയെന്ന് സ്വാമി ശാശ്വതീകാനന്ദ കണ്ടെത്തി. ഗുരു തെളിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ച് നാടിന് ശാന്തിയും സമാധാനവും നേടിയെടുക്കാനാവുമെന്ന് തിരിച്ചറിഞ്ഞ സന്യാസിവര്യനാണ് അദ്ദേഹം.1950 ഫെബ്രുവരി 21 ന് തിരുവനന്തപുരം ജില്ലയിൽ ആറ്റുകാൽക്ഷേത്രത്തിന് സമീപം കുത്തുകല്ലുംമൂട്ടിൽ ഇടത്തരം കുടുംബത്തിൽ കൗസല്യയുടെയും ചെല്ലപ്പന്റെയും മകനായി രേവതി നക്ഷത്രത്തിലായിരുന്നു സ്വാമിയുടെ ജനനം . സ്വാമി ശാശ്വതീകാനന്ദയുടെ 73 -ാം ജന്മദിനം ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം മതാതീത ദിനമായി ആചരിക്കുന്നു.
( ലേഖകൻ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറിയാണ് )