ഇ.എസ്.ഐ ഇനി ആജീവനാന്തം, ശമ്പളപരിധി കടന്നാലും ആനുകൂല്യം, ശമ്പള പരിധി 25000 രൂപ, ഉയർന്ന ശമ്പളക്കാർ വിഹിതം അടയ്ക്കണം
ന്യൂഡൽഹി: തൊഴിലാളികളുടെ ശമ്പളം എത്ര ഉയർന്നാലും പരിധിപ്രകാരമുള്ള വിഹിതം അടച്ച് തുടരാൻ കഴിയുംവിധം ചികിത്സാ പദ്ധതിയിൽ മാറ്റംവരുത്താൻ ഇ.എസ്.ഐ കോർപറേഷൻ യോഗത്തിൽ ധാരണയായി. ശമ്പള പരിധി 21,000രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തും.
ഇതോടെ കേരളത്തിൽ തൊഴിലാളികളുടെ ആശ്രിതർ അടക്കം 60 ലക്ഷത്തോളംപേർക്ക് പ്രയോജനം കിട്ടും. പെരുമ്പാവൂരിൽ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് 100 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കും
ചണ്ഡീഗഡിൽ ചേർന്ന ഇ.എസ്.ഐ കോർപറേഷൻ ബോർഡ് യോഗത്തിലാണ് പ്രോവിഡന്റ് ഫണ്ട് മാതൃകയിൽ ഇ.എസ്.ഐ പദ്ധതി അംഗത്വവും ആജീവനാന്തമാക്കാൻ ധാരണയായത്. തൊഴിലാളി യൂണിയനുകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.
അടുത്ത യോഗത്തിൽ അംഗീകരിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകും.
കോർപറേഷനിലെ എല്ലാ കരാർ തൊഴിലാളികൾക്കും നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകാനും കേന്ദ്രതൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇ.എസ്.ഐ.സി സ്ഥാപക ദിനമായ ഫെബ്രുവരി 24 മുതൽ മാർച്ച് 10 വരെ തൊഴിലാളി - തൊഴിലുടമ, പെൻഷണേഴ്സ്, ഗുണഭോക്താക്കൾ എന്നിവരുടെ സംഗമവും പരാതി പരിഹാര അദാലത്തും നടത്തും. കേരളത്തിൽ നിന്ന് ബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി.രാധാകൃഷ്ണൻ പങ്കെടുത്തു.
വിദഗ്ദ്ധ ചികിത്സയ്ക്ക് 30 ലക്ഷം
പ്രത്യേക അസുഖങ്ങളുടെ ചികിത്സയ്‌ക്ക് 30 ലക്ഷം വരെ അനുവദിക്കും. നിലവിൽ പ്രതിവർഷം മെഡികെയർ പരിരക്ഷ 10 ലക്ഷം. സാമൂഹ്യസുരക്ഷാ പദ്ധതിയും നടപ്പാക്കും.
ഇ.എസ്.ഐ.സി ഡയറക്‌ടർ ജനറലിനും ലേബർ സെക്രട്ടറിക്കും 50 ലക്ഷം വരെയും തൊഴിൽ വകുപ്പ് മന്ത്രിക്ക് 50 ലക്ഷത്തിന് മുകളിലും തുക അനുവദിക്കാൻ അധികാരം.
വാട്ട്‌സ്ആപ്പ് വഴി എല്ലാ വിവരങ്ങളും തൊഴിലാളിക്ക് ലഭിക്കും. ടെലികൺസൾട്ടൻസി സേവനം ലഭ്യമാക്കും
രാജ്യത്തെ 744 ജില്ലകളിലും ഇ.എസ്.ഐ സൗകര്യം നടപ്പിലാക്കും. അടൽ ബിമിത് കല്യാൺ യോജന പദ്ധതി ഒരു വർഷത്തേക്ക് നീട്ടി.
ഗ്രൂപ്പ് ബി നഴ്സിംഗ് സ്റ്റാഫിന് പ്രാദേശിക തലത്തിൽ സീനിയോറിറ്റി നൽകി സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലമാറ്റം ഒഴിവാക്കും.
ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ബോണസ് നൽകുന്നത് പരിഗണിക്കും.
ഇ.എസ്.ഐ വിഹിതം
തൊഴിലാളി : 0.75 %
തൊഴിലുടമ: 3.25 %
മൊത്തം : 4 %
കേരളത്തിൽ
അംഗങ്ങൾ:
10 ലക്ഷം
ആശ്രിതർ :
30 ലക്ഷം
#ശമ്പള പരിധി
ഉയർത്തുമ്പോൾ
അംഗങ്ങൾ:
15 ലക്ഷമാവും
ആശ്രിതർ:
45 ലക്ഷമാവും