വേളിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു : മൂന്നുപേർ പിടിയിൽ

Tuesday 21 February 2023 1:02 AM IST

ശംഖുംമുഖം: ഹോട്ടലിൽ നടന്ന തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ വലിയതുറ പൊലീസ് പിടികൂടി. വേളി മാധവപുരം സ്വദേശി അരുണിനെ ആക്രമിച്ച ആൾസെയിന്റ്സ് സ്വദേശികളായ രഞ്ജിത്ത് (44),​ശ്യാം (39),​ പ്രബിൻ (43) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് വേളിയിലെ ഹോട്ടലിലിരുന്ന് അരുൺ ഭക്ഷണം കഴിക്കുന്നതിനിടെ ര‌ഞ്ജിത്തുമായി ചെറിയ രീതിയിൽ തർക്കമുണ്ടായി. പിന്നാലെ ര‌ഞ്ജിത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ചേർന്ന് അരുണിനെ ക്രൂരമായി മ‌ർദ്ദിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ വഴിയാത്രക്കാരെയും മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി. ക്രൂരമായി മർദ്ദിച്ച ശേഷം അരുണിനെ റോഡിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിയപ്പോൾ മർദ്ദനമേറ്റ കാര്യം ഡോക്ടറോട് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വലിയതുറ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി. അരുണിനെ ക്രൂരമായി മർദ്ദിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. സി.സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.