കരിപ്പൂരിൽ വൻ സ്വ‌ർണ്ണവേട്ട വായയ്ക്കകത്ത് ഒളിപ്പിച്ച സ്വർണ്ണവുമായി രണ്ടുപേർ കരിപ്പൂരിൽ പിടിയിൽ

Tuesday 21 February 2023 2:14 AM IST

കരിപ്പൂർ: സ്വർണ്ണ മാലകൾ വായ്ക്കകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദിൻ എന്നിവരിൽ നിന്ന് യഥാക്രമം 140 ഗ്രാം,145 ഗ്രാം എന്നിങ്ങനെ തൂക്കം വരുന്ന സ്വർണ്ണ ചെയിനുകളാണ് കസ്റ്റംസ് പിടികൂടിയത്. ഇവർക്ക് പുറമെ ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽ നിന്ന് 210 ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി കബീർ പുതുക്കുടിയിൽ നിന്നും 752 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്സ്യൂളുകൾ ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലും കണ്ടെത്തി. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവൃത്തികളും വിശദമായ തുടരന്വേഷണവും നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് മതിയായ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശി മുഹമ്മദ് യൂസഫിനെ 6,000 അമേരിക്കൻ ഡോളറുമായി കസ്റ്റംസ് പിടികൂടി. 4,83,600 രൂപ വരും ഈ കറൻസിയുടെ മൂല്യം.

ഫെബ്രുവരി 14ന് ദുബായിൽ നിന്നെത്തിയ രാമനാട്ടുകര സ്വദേശി ഷാഹുൽ ഹമീദ് കുനിയിൽ കാർട്ടൻ പെട്ടികളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ മിശ്രിത രൂപത്തിൽ നിന്നും 443 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ കാർട്ടൻ പെട്ടി ഞായറാഴ്ച വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. വിപണിയിൽ 25.31 ലക്ഷം രൂപ വില വരും.