പുത്തൻപാലം രാജേഷും കൂട്ടാളിയും കീഴടങ്ങി

Tuesday 21 February 2023 2:16 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും പൊലീസിന് മുന്നിൽ കീഴടങ്ങി. ജാമ്യാപേക്ഷയിൽ ഹൈക്കോടതി നിർദ്ദേശാനുസരണമാണ് ഇന്നലെ ഇരുവരും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

അസഭ്യം പറയുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, ദേഹോപദ്രവം ഏല്പിക്കൽ, ആയുധം കൈവശംവയ്ക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലും സി.ഐ ഹരിലാലിന്റെ നേതൃത്വത്തിൽ തെളിവെടുപ്പും നടത്തിയശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം കീഴടങ്ങിയതിനാൽ ഇരുവർക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മെഡിക്കൽ കോളേജിലെ അക്രമസംഭവത്തിന് ശേഷം പൊലീസിനെ വെട്ടിച്ചുകടന്ന രാജേഷിനും കൂട്ടാളിക്കുമായി ശക്തമായ അന്വേഷണം നടത്തുന്നതായുള്ള പൊലീസിന്റെ അവകാശവാദത്തിനിടെയാണ് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. ഇരുവരുടെയും ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി 21ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു.

ആംബുലൻസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ മെഡിക്കൽ കോളേജിൽ നിന്ന് രാജേഷ് രക്ഷപ്പെട്ട കാർ തമ്പാനൂരിൽ നിന്ന് കണ്ടെത്തിയെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അതേസമയം പേട്ട ആക്രമണക്കേസിൽ പൊലീസ് അന്വേഷിക്കുന്ന മറ്റൊരു ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഇതുവരെയും പിടികൂടാൻ പൊലീസ് സംഘത്തിന് സാധിച്ചിട്ടില്ല. ഇയാളെയും കൂട്ടാളികളെയും കണ്ടെത്താൻ ഏതാനും ദിവസം മുമ്പ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു.

Advertisement
Advertisement