പ്രതിരോധ ജാഥയ്ക്ക് മുമ്പ് മുഖം രക്ഷിച്ച് സി.പി.എം
കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ക്വട്ടേഷൻ സംഘാംഗം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് വിശദീകരണം നൽകി മുഖം സംരക്ഷിച്ച് നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കും മുമ്പ് പ്രശ്നം തീർക്കണമെന്ന നേതൃത്വത്തിന്റെ തിട്ടൂരം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. പി. ജയരാജനെ മുന്നിൽ നിർത്തിയാണ് ആകാശ് തില്ലങ്കേരിക്കും കൂട്ടാളികൾക്കുമെതിരെ സി.പി. എം ആഞ്ഞടിച്ചത്.
ക്വട്ടേഷൻ സംഘത്തിന്റെ ഒരു സേവനവും ഈ പാർട്ടിക്കു വേണ്ടെന്നും പി. ജയരാജൻ വ്യക്തമാക്കി. ആകാശിന്റെ ഫെയ്സ്ബുക്ക് കമന്റ് വായിച്ചെന്നും ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങൾ പാർട്ടിക്ക് ഒപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ പലവഴി തേടി പോയില്ല, പാർട്ടി അവരെ സംരക്ഷിച്ചെന്നും, പാർട്ടി സംരക്ഷിച്ചില്ല എന്ന ആകാശിന്റെ പ്രതികരണത്തോടുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പി.ജയരാജനെ ഉൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ടാണ് തില്ലങ്കേരിയിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടന്നത്. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ മറുപടിക്ക് സി.പി.എം നേതൃത്വം ഒരുങ്ങിയത്. യോഗത്തിൽ പങ്കെടുക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ സി.പി.എം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി.ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.