15കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ: ദുരൂഹതയെന്ന് പരാതി

Tuesday 21 February 2023 1:02 AM IST

വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സുരേഷ് കുമാർ - പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു-15) നെയാണ് മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് ഏഴോടെ അയൽവാസികൾ കണ്ടെത്തിയത്. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകി. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിന്റെ മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു. പെൺകുട്ടിയെ അയൽവാസിയുടെ വീട്ടിലാക്കിയ ശേഷമാണ് ഇരുവരും പോയത്. വൈകിട്ട് 6.45 ഓടെ വീട്ടിൽ പോയി ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോയതായിരുന്നു കുട്ടി. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധു തിരക്കി ചെന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടി കൂടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഷീറ്റിട്ട വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കാൽ മുട്ടുകൾ തറയിൽ തട്ടിയിരുന്നതായി ബന്ധു പറഞ്ഞു. സ്‌കൂൾ യൂണിഫോമായിരുന്നു വേഷം. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സന്തോഷത്തിലായിരുന്ന കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കും. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി തെളിവെടുക്കും.