വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടിയെന്ന് സംഗീതനാടക അക്കാഡമി

Tuesday 21 February 2023 1:13 AM IST

തൃശൂർ: നടൻ മുരളിയുടെ പ്രതിമയെ ചൊല്ലി സംഗീത നാടക അക്കാഡമിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് യശസ് കളങ്കപ്പെടുത്താനുള്ള ശ്രമം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കരിങ്കല്ലിൽ തീർത്ത ശില്പത്തിന്റെ ചിത്രത്തിന്, വാർത്തയിൽ പറയുന്ന കാര്യമായി യാതൊരു ബന്ധവുമില്ല. ശിൽപ്പി വിൽസൺ പൂക്കായി തുക കൈപ്പറ്റിയതല്ലാതെ വെങ്കല പ്രതിമ നിർമ്മിച്ച് അക്കാഡമിക്ക് കൈമാറിയിട്ടില്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം 2010 ൽ കവി രാവുണ്ണി സെക്രട്ടറിയായിരിക്കെ, തൃശൂരിലെ ശില്പി രാജൻ നിർമ്മിച്ച നടൻ മുരളിയുടെ കഥാപാത്രമായ ലങ്കാലക്ഷ്മിയിലെ രാവണന്റെ ഭാവരൂപമാണ്.
മുരളിയുടെ വെങ്കലപ്രതിമ നിർമ്മിക്കാൻ കരാറെടുത്ത വിൽസൺ അക്കാഡമിയിൽ നിന്നും മുൻകൂറായി കൈപ്പറ്റിയ തുകയായ 5,70,000 രൂപ എഴുതിത്തള്ളാൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മുരളിയുടെ വെങ്കലശില്പം നിർമ്മിക്കുന്നതിന് കെ.പി.എ.സി ലളിത ചെയർപേഴ്‌സണും എൻ.രാധാകൃഷ്ണൻ നായർ സെക്രട്ടറിയുമായ നിർവാഹക സമിതിയാണ് തീരുമാനിച്ചത്. നിർമ്മാണച്ചെലവുകൾക്ക് കരാർതുകയിൽ 5,70,000 രൂപ മുൻകൂറായി വിൽസണ് നൽകിയിരുന്നെങ്കിലും ലളിതകലാഅക്കാഡമി ചെയർമാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗൾഡ് കണ്ട് അംഗീകരിച്ചാലേ മുഴുവൻ പണം നൽകൂവെന്നായിരുന്നു തീരുമാനം. അദ്ദേഹം നടത്തിയ പരിശോധനയിൽ വിൽസൺ നിർമ്മിച്ച പ്രതിമയ്ക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന് റിപ്പോർട്ട് ചെയ്തതിനാൽ കരാറിൽ നിന്ന് അക്കാഡമി പിൻമാറി. മുൻകൂർ തുകയായ 5,70,000 രൂപ ശില്പി തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുക തിരിച്ചടയ്ക്കാൻ ശേഷിയില്ലെന്ന ശില്പിയുടെ നിവേദനം അംഗീകരിച്ച് സർക്കാർ എഴുതി തള്ളുകയായിരുന്നു.

Advertisement
Advertisement