വീട്ടമ്മയെ പൊലീസ് അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി
Tuesday 21 February 2023 1:18 AM IST
തൃശൂർ: മകനെ തേടി വീട്ടിലെത്തിയ പൊലീസ് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. മണ്ണുത്തി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ പേരിൽ ഇതു സംബന്ധിച്ച് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചംഗ പൊലീസ് സംഘം യുവതിയുടെ മകനെ തേടി വീട്ടിലെത്തിയപ്പോൾ യുവതി കുളിമുറിയിലായിരുന്നു. പൊലീസ് സംഘത്തിലെ ഒരാൾ പ്രധാന വാതിൽ ചവിട്ടി തുറന്ന് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീ ബഹളം വെച്ചപ്പോൾ പൊലീസുകാരൻ പുറത്ത് കടന്നെന്നും പറയുന്നു. സംഭവ സമയത്ത് യുവതിയുടെ ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നില്ല. പൊലീസുകാരന്റെ പേരിൽ കേസെടുക്കണമെന്ന് യുവതി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു.