യൂറോപ്പിന്റെ ചിന്താഗതി മാറണം ജയശങ്കറിനെ ശരിവച്ച് ഷോൾസ്

Tuesday 21 February 2023 6:27 AM IST

ബെർലിൻ: യൂറോപ്യൻ ചിന്താഗതിയെ പറ്റി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പരാമർശം ശരിവച്ച് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്. ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്ന ചിന്താഗതിയിൽ നിന്ന് യൂറോപ്പ് വളരേണ്ടതുണ്ടെന്ന ജയശങ്കറിന്റെ വാക്കുകളാണ് ഷോൾസ് അംഗീകരിച്ചത്. കഴിഞ്ഞ വർഷം സ്ലൊവാക്യയിൽ 17ാം ഗ്ലോബ്‌സെക് ബ്ര​റ്റിസ്ലാവ ഫോറത്തിലായിരുന്നു ജയശങ്കറിന്റെ ഈ പരാമർശം.

ഭാവിയിൽ ചൈനയുമായി ഒരു പ്രശ്നമുണ്ടായാൽ ആരെങ്കിലും സഹായത്തിനുണ്ടാകുമെന്ന് കരുതുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തോടായിരുന്നു ജയശങ്കറിന്റെ മറുപടി. യുക്രെയിൻ അധിനിവേശത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം.

അതേ സമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞതിൽ കാര്യമുണ്ടെന്നും അത്തരം ചിന്താഗതിയിൽ മാറ്റമുണ്ടാകണമെന്നും ഷോൾസ് പറഞ്ഞു. യുക്രെയിൻ അധിനിവേശം, കൊവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിവ സൃഷ്ടിച്ച ആഘാതങ്ങൾക്കും ദാരിദ്ര്യമുൾപ്പെടെയുള്ള വെല്ലുവിളികൾക്കും പരിഹാരം കാണാൻ ഏഷ്യൻ, ആഫ്രിക്കൻ, ലാ​റ്റിൻ അമേരിക്കൻ രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കണമെന്നും കഴിഞ്ഞ ദിവസം മ്യൂണിക് സുരക്ഷാ യോഗത്തിനിടെ ഒലാഫ് ഷോൾസ് വ്യക്തമാക്കി.