തുർക്കിയിൽ വീണ്ടും ഭൂചലനങ്ങൾ
Tuesday 21 February 2023 6:27 AM IST
ഇസ്താംബുൾ : തുർക്കിയിൽ സിറിയൻ അതിർത്തിയോട് ചേർന്ന് വീണ്ടും ഭൂചലനങ്ങൾ. ഹാതെയ് പ്രവിശ്യയിലെ ഡെഫ്ൻ ജില്ലയിൽ ഇന്ത്യൻ സമയം രാത്രി 10.34ഓടെ റിക്ടർ സ്കെയിലിൽ 6.3 തീവ്രതയോട് കൂടിയ ചലനമുണ്ടായി. മൂന്ന് മിനിറ്റുകൾക്ക് ശേഷം സമാൻദഗ് ജില്ലയിൽ 5.8 തീവ്രതയിലെ മറ്റൊരു ഭൂചലനവുമുണ്ടായി. അൻതാക്യ, അദാന തുടങ്ങിയ നഗരങ്ങളിൽ ഭൂചലനം രേഖപ്പെടുത്തി. അൻതാക്യയിൽ തകർന്ന കെട്ടിടങ്ങൾക്ക് വീണ്ടും കേടുപാടുണ്ടായെന്നാണ് വിവരമെങ്കിലും ആളപായമുണ്ടോയെന്ന് വ്യക്തമല്ല. തകർന്ന കെട്ടിടങ്ങൾക്കടുത്തേക്ക് ആരും പോകരുതെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിറിയ, ഈജിപ്റ്റ്, ലെബനൻ, ഇറാഖ്, പലസ്തീൻ, ജോർദ്ദാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഫെബ്രുവരി 6ന് തെക്ക് - കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നാശംവിതച്ച 7.8 തീവ്രതയിലെ ഭൂകമ്പത്തിന്റെ തുടർചലനങ്ങളാണിത്.