കെന്നഡിയും റീഗനും ബഹിരാകാശത്തേക്ക് !

Tuesday 21 February 2023 6:27 AM IST

ന്യൂയോർക്ക് : ജോർജ് വാഷിംഗ്ടൺ,​ ജോൺ എഫ്. കെന്നഡി,​ ഡ്വൈറ്റ് ഡി. ഐസൻഹോവർ,​ റൊണാൾഡ് റീഗൻ...യു.എസിന്റെ മുൻ പ്രസിഡന്റുമാർ. ഇവരിതാ ബഹിരാകാശത്തേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.! അന്തരിച്ച ഇവർ നാല് പേരും എങ്ങനെ ബഹിരാകാശത്ത് പോകാനാണ് എന്നാണോ ആലോചിക്കുന്നത്. ശരിക്കും ഇവരുടെ തലമുടിയുടെ സാമ്പിളുകളയൊണ് ബഹിരാകാശത്തേക്ക് എത്തിക്കുന്നത്.

ടെക്സസ് ആസ്ഥാനമായുള്ള സെലസ്റ്റിസ് എന്ന കമ്പനിയാണ് ഇതിന് പിന്നിൽ. യു.എസിൽ പ്രസിഡന്റ്സ് ഡേ ആഘോഷിച്ച ഇന്നലെയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. തലമുടിയുടെ സാമ്പിൾ വഹിക്കുന്ന യുണൈറ്റഡ് ലോഞ്ച് അലൈൻസ് റോക്കറ്റിന്റെ വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാകും. ' എന്റർപ്രൈസ് " എന്ന് പേരിട്ടിരിക്കുന്ന പേടകത്തിൽ സ്റ്റാർ ട്രെക് സൃഷ്‌ടാവ് ജീൻ റോഡൻബെറിയുടെ ചിതാഭസ്മത്തിന്റെ ഭാഗങ്ങളും കൊണ്ടുപോകുന്നുണ്ട്.

സ്റ്റാർ ട്രെക് പരമ്പരയിലെ സാങ്കല്പിക ബഹിരാകാശ പേടകത്തിന്റെ പേരായ ' യു.എസ്.എസ് എന്റർപ്രൈസിൽ " നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങളുടെ പുതിയ ദൗത്യത്തിന് സെലസ്റ്റിസ് പേര് നൽകിയിരിക്കുന്നത്.

നാല് പ്രസിഡന്റുമാരുടെയും തലമുടിയുടെ സാമ്പിളുകളുടെ ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഈ സാമ്പിളുകൾ നൽകിയത് ആരാണെന്ന് പുറത്തുവിടാനാകില്ലെന്നും കമ്പനി പറയുന്നു. ശരിക്കും മിഷിഗണിൽ നിന്നുള്ള സെലിബ്രിറ്റി ഹെയർ കളക്റ്റർ ആയ ലൂയി മഷ്റോയുടെ ഉടമസ്ഥതയിലായിരുന്നു ഈ സാമ്പിളുകൾ.

ഇദ്ദേഹം 2014ൽ അന്തരിച്ചു. ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി സാമ്പിളുകളെ തങ്ങൾ ഒരു കാലാവസ്ഥാ - നിയന്ത്രിത കേന്ദ്രത്തിൽ ഏതാനും വർഷങ്ങൾ സൂക്ഷിച്ചെന്നും കമ്പനി പറയുന്നു.

ഫ്ലോറിഡയിലെ കേപ്പ് കനാവെറലിൽ നിന്നാണ് യുണൈറ്റഡ് ലോഞ്ച് അലൈൻസ് വൽക്കൺ റോക്കറ്റിന്റെ വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങളെയും ഒരു സ്വകാര്യ ലൂണാർ ലാൻഡറേയും ഈ റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നുണ്ട്.

തുടർന്ന് തലമുടി സാമ്പിളുകളും മറ്റും അടങ്ങിയ പേ‌ലോഡ് ബഹിരാകാശത്ത് സ്വതന്ത്രമാക്കും. മരിച്ചവരുടെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിക്കുകയാണ് സെലസ്റ്റിസിന്റെ ലക്ഷ്യം. നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വസ്തുക്കൾ എത്തിക്കാൻ 4,995 ഡോളറും ചന്ദ്രനപ്പുറം എത്തിക്കാൻ 12,500 ഡോളറുമാണ് കമ്പനി ഈടാക്കുന്നത്.